jyothi

 2020 ഏപ്രിൽ ഒന്നിന് മാനേജിംഗ് ഡയറക്‌ടറായി ജ്യോതി ചുമതലയേൽക്കും

കൊച്ചി: പ്രമുഖ എഫ്.എം.സി.ജി കമ്പനിയും ഉജാലയുടെ നിർമ്മാതാക്കളുമായ ജ്യോതി ലാബോറട്ടറീസിന്റെ മാനേജിംഗ് ഡയറക്‌ടറായി എം.ആർ. ജ്യോതി 2020 ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും. നിലവിൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.പി. രാമചന്ദ്രൻ,​ ചെയർമാൻ എമിരറ്റസായി തുടരും. 'പുത്തൻ തലമുറ" ഭാവത്തിലേക്കുള്ള കമ്പനിയുടെ ചുവടുമാറ്റത്തിന്റെ ഭാഗമാണ് ജ്യോതിയുടെ നിയമനമെന്ന് എം.പി. രാമചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

എം.പി. രാമചന്ദ്രന്റെ മകളായ എം.ആർ ജ്യോതി,​ നിലവിൽ കമ്പനിയുടെ മുഴുവൻ സമയ ഡയറക്‌ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമാണ്. ന്യൂ ജനറേഷൻ ട്രെൻഡിന് അനുസൃതമായി കമ്പനിയുടെ പേര് ജ്യോതി ലാബ്‌സ് എന്നാക്കിയിട്ടുണ്ട്. ഏഴ് കിരണങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ലോഗോയും എം.പി. രാമചന്ദ്രൻ പരിചയപ്പെടുത്തി. ഉന്നത ഗുണനിലവാരമാണ് ജ്യോതി ലാബ്‌സ് ഉത്‌പന്നങ്ങളുടെ ജനപ്രീതിയുടെ രഹസ്യമെന്ന് എം.ആർ. ജ്യോതി പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ മികവുറ്റ ഉത്‌പന്നങ്ങൾ ലഭ്യമാക്കാനായി,​ ഗവേഷണം,​ നവീനവത്‌കരണം എന്നിവയിലായിരിക്കും തന്റെ കൂടുതൽ ശ്രദ്ധ.

ഉജാല,​ മാർഗോ,​ മാക്‌സോ,​ എക്‌സോ,​ ഹെൻകോ,​ പ്രിൽ എന്നീ ബ്രാൻഡുകളാണ് ജ്യോതി ലാബ്‌സിനുള്ളത്. ഹെൻകോ,​ പ്രിൽ,​ മാർഗോ എന്നിവയുടെ സംയോജനം,​ ഹെൻകൽ ഇന്ത്യയുടെ ഏറ്റെടുക്കൽ എന്നിവയിൽ പ്രധാന പങ്കുവഹിച്ചത് എം.ആർ. ജ്യോതിയാണ്. കഴിഞ്ഞവർഷം മാർഗോ ഗ്ളിസറിൻ സോപ്പ് ഉൾപ്പെടെ ഒട്ടേറെ പുതിയ ഉത്‌പന്നങ്ങൾ ജ്യോതി ലാബ്‌സ് വിപണിയിലെത്തിച്ചു. ബംഗാൾ വിപണിയിലെത്തിയ മാർഗോ ഗ്ളിസറിൻ,​ ഈവർഷം കേരളത്തിലുമെത്തും. ഈവർഷം കൂടുതൽ പുതിയ ഉത്‌പന്നങ്ങൾ അവതരിപ്പിക്കുമെന്നും എം.ആർ. ജ്യോതി പറഞ്ഞു. 14 വർഷമായി കമ്പനിയുടെ ഡയറക്‌ടറായ ജ്യോതിയുടെ മികച്ച അനുഭവ സമ്പത്തും പ്രൊഫഷണൽ യോഗ്യതകളും ജ്യോതി ലാബ്‌സിനെ ത്വരിത വളർച്ചയുടെ അടുത്ത തലത്തിലേക്ക് ഉയർത്താൻ സഹായിക്കുമെന്ന് എം.പി. രാമചന്ദ്രൻ പറഞ്ഞു. ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ഉല്ലാസ് കമ്മത്തും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

1983

5,​000 രൂപ നിക്ഷേപവുമായി 1983ലാണ് ജ്യോതി ലാബോറട്ടറീസ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ 6,​000 കോടി രൂപയുടെ വിപണി വിഹിതമുണ്ട്. മുംബയ് ആണ് ആസ്‌ഥാനം. 2018-19ൽ 20.3 ശതമാനം വളർച്ചയോടെ 193.17 കോടി രൂപയുടെ ലാഭവും 9.3 ശതമാനം വർദ്ധനയോടെ 1,​768.88 കോടി രൂപയുടെ വരുമാനവും കമ്പനി നേടിയിരുന്നു.

20%

ജ്യോതി ലാബ്‌സിന്റെ മൊത്തം വില്‌പനയിൽ 20 ശതമാനം പങ്കുവഹിക്കുന്നത്,​ മാതൃസംസ്‌ഥാനമായ കേരളമാണ്.

3%

ജ്യോതി ലാബ്‌സിന്റെ മൊത്തം വില്‌പനയിൽ മൂന്നു ശതമാനം വിദേശ വിപണികളിൽ നിന്നാണ്. ഗൾഫ്,​ മലേഷ്യ,​ സിംഗപ്പൂർ,​ ദക്ഷിണാഫ്രിക്ക,​ അമേരിക്ക എന്നിവയാണ് പ്രമുഖ വിപണികൾ. ഇന്ത്യയിൽ 35 ശതമാനം വിഹിതവുമായി ദക്ഷിണേന്ത്യയാണ് മുന്നിൽ.