t-siddique

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭിന്നിപ്പിന്റെ ആശാനെന്ന് വിളിച്ച ടൈം മാഗസീന് രാജ്യദ്രോഹി പട്ടം നൽകുമോ എന്ന് ചോദിച്ച് കോൺഗ്രസ് നേതാവ് ടി സിദ്ധിഖ് രംഗത്തെത്തി. മോദിയെ വിമർശിക്കുന്ന എല്ലാവർക്കും രാജ്യദ്രോഹി പട്ടം നൽകുകയാണ് സംഘപരിവാറുകാരുടെ സ്ഥിരം പരിപാടിയെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ‌്‌. ടൈം മാഗസിനിൽ മോദിക്കെതിരെ പ്രസിദ്ധീകരിച്ച് ലേഖനത്തെ ഉദ്ധരിച്ചായിരുന്നു സിദ്ധിഖിന്റെ ചോദ്യം. 2015ൽ മികച്ച പ്രധാനമന്ത്രിയായി ടൈം മാഗസിൻ മോദിയെ തിരഞ്ഞെടുത്തിരുന്നു എന്നാൽ ഇത്തവണ മോദിയെ വിമർശിച്ചാണ് മാഗസിനിലെ ലേഖനമെന്ന് സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു.

''രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ ശക്തമായ വിമർശനമാണ് ലേഖനം നടത്തുന്നത്. പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങൾ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണെന്നും ടൈമിന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നെന്നും'' സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റ‌ി‌ന്റെ പൂർണരൂപം...

''പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭിന്നിപ്പിന്റെ ആശാനെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ ന്യൂസ് മാഗസിനായ ടൈം. കവർ സ്റ്റോറി ആയാണ് മോദിക്കെതിരെ ടൈം മാഗസിൻ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’ എന്നും മാഗസിൻ ചോദിക്കുന്നു. കവറിൽ മോദിയുടെ കാരിക്കേച്ചർ അടക്കമാണ് ആതിഷ് തസീറിന്റെ ലേഖനം.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ ശക്തമായ വിമർശനമാണ് ലേഖനം നടത്തുന്നത്. പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങൾ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണെന്നും ടൈമിന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു

മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിർഭയമായ മാധ്യമപ്രവർത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥനത്തു നടന്ന കൂട്ടക്കൊലയിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിൻ രൂക്ഷമായി വിമർശിക്കുന്നു.

ലോകത്തെ സ്വാധീനിച്ച 100 നേതാക്കളുടെ പട്ടികയിൽ 2014, 2015, 2017 വർഷങ്ങളിൽ മോദിയെയും ഉൾപ്പെടുത്തിയ പ്രസിദ്ധീകരണമാണ് ടൈം. 2015 ൽ മികച്ച പ്രധാനമന്ത്രിയായി ടൈം മാഗസിൻ പ്രധാനമന്ത്രി മോഡിയെ തിരഞ്ഞെടുത്തിരുന്നു. അന്ന് അഘോഷിച്ച സംഘികൾ ഇന്ന് ടൈം മാഗസിനു രാജ്യദ്രോഹിപ്പട്ടം നൽകുമോ എന്നതാണു ബില്യൺ ഡോളർ ചോദ്യം.''