തിരുവനന്തപുരം: കേരളവുമായി സഹകരിക്കാൻ നെതർലൻഡ് സന്നദ്ധത അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരിക്കാനുള്ള താൽപര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി.
നെതർലാൻഡ് സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് നെതർലൻഡ് പിന്തുണ നൽകി. കേരളവുമായി സഹകരിക്കാനുള്ള താൽപര്യവും അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതിൽ അടിസ്ഥാന സൗകര്യം ജല മാനേജ്മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം നെതർലൻഡ്സിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് അദ്ദേഹം നെതർലൻഡ്സിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. ഖരമാലിന്യ സംസ്കരണം, ഗതാഗതം, ഇൻറർനെറ്റ് ഓഫ് തിഗ്സ് എന്നീ മേഖലകളിലെ സംവിധാനങ്ങളെക്കുറിച്ച് ജർമൻ, ഡച്ച് കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചിരുന്നു. എ.ആർ.എഫ് ട്രാഫിക് സൊല്യൂഷൻസ്, ടി.എൻ.ഒ ബിഗ് ഡാറ്റ വാല്യു സന്റെർ, സോൻറ ഗ്ലോബൽ ഇൻഫ്ര തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ് ഈ മേഖലകളെക്കുറിച്ച് വിശദീകരിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.