സാമൂഹിക രംഗത്തുനിന്ന് രാഷ്‌ട്രീയത്തിലേക്ക് ദേശാടനം നടത്തിയ ആം ആദ്മിയിലെ അതിഷിയും, വെള്ളിത്തിരയിൽ നിന്ന് ബി.ജെ.പിയിൽ എത്തിയ കിരൺ ഖേറും. പണവും പ്രശസ്‌തിയും മോഹിച്ചായിരുന്നില്ല ഇവരുടെ ദേശാടനയാത്ര. എന്നിട്ടും അതിഷിക്കെതിരെ എതിർപക്ഷവും, കിരണിന് എതിരെ സ്വപക്ഷവും...
ഈസ്റ്റ് ഡൽഹി
കണ്ണീരിൽ നനയുമോ?
മാദ്ധ്യമ പ്രവർത്തകർക്കു മുന്നിലിരുന്ന് അതിഷി മാർലേന പൊട്ടിക്കരഞ്ഞു. ഈസ്റ്റ് ഡൽഹിയിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷിയെ കരയിച്ചതാര്? ബി.ജെ.പി സ്ഥാനാർത്ഥിയായ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ആണെന്നാണ് അതിഷിയുടെ ആരോപണം. ആരോപണം തെളിയിച്ചാൽ താൻ രാഷ്‌ട്രീയം വിടുമെന്ന് ഗൗതം. അതിഷിക്ക് എതിരെ മണ്ഡലത്തിൽ അശ്ലീല നോട്ടീസുകൾ പ്രചരിപ്പിച്ചതിനു പിന്നിൽ തങ്ങളാണെന്ന് ആരോപിച്ചതിനനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡൽഹി ബി.ജെ.പി ഘടകം. ആദ്യം കോടതിയിൽ പോകുന്നത് താനും പാർട്ടിയും ആയിരിക്കുമെന്ന് അതിഷി.
സംഭവം ഇങ്ങനെ: വ്യാഴാഴ്‌ച നേരംവെളുത്തപ്പോൾ മണ്ഡലമാകെ അതിഷിയെ മോശമായി ചിത്രീകരിക്കുന്ന ഒരു ലഘുലേഖയുടെ പ്രളയം. അതിഷിയെ ലൈംഗികമായിപ്പോലും ആക്രമിക്കുന്ന നോട്ടീസിലെ ഭാഷ തീരെ തരംതാഴ്‌ന്നത്. ബി.ജെ.പിയും ഗംഭീറും അറിയാതെ ഇതു സംഭവിക്കില്ലെന്നാണ് അതിഷിയുടെ പക്ഷം. അന്നു തന്നെ പത്രസമ്മേളനം വിളിച്ചു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമുണ്ടായിരുന്നു കൂടെ.
തന്നെ അപകീർത്തിപ്പെടുത്തുന്ന നോട്ടീസിനെക്കുറിച്ചു പറഞ്ഞ് അതിഷി പൊട്ടിക്കരഞ്ഞു. സിസോദിയ അരികിലിരുന്ന് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി കേജ്‌രിവാൾ അതിഷിക്കായി ട്വിറ്ററിൽ കുറിച്ചു: സ്ത്രീകളെക്കുറിച്ച് ഇത്തരം മനോഭാവം പുലർത്തുന്നവർ ഭരണകർത്താക്കളായാലത്തെ അവസ്ഥ എന്താകും? ഇത്തരം ദുഷ്‌ടശക്തികളോടാണ് ഈ തിരഞ്ഞെടുപ്പിൽ നമ്മൾ കരുത്തോടെ ചെറുത്തുനിൽക്കേണ്ടത്.
പണവും പ്രശ്‌തിയും തേടി രാഷ്‌ട്രീയത്തിലറങ്ങിയതല്ല അതിഷി. ഡൽഹി സർവകലാശാലാ പ്രൊഫസർമാരായ വിജയ് സിംഗിന്റെയും തൃപ്‌ത വാഹിയുടെയും മകൾ. അതിഷിയുടെ പേരിനു പിന്നിലെ മാർലേനയുടെ രഹസ്യം അധികമാർക്കും അറിയില്ല. മാർക്‌സിന്റെയും ലെനിന്റെയും പേരുകൾ ചേർത്ത് അച്ഛനമ്മമാർ മകൾക്കു സമ്മാനിച്ചതാണ് മാർലേന എന്ന കൗതുകനാമം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലെയും ഡൽഹി യൂണിവേഴ്സിറ്റിയിലെയും പഠന ശേഷം അതിൽി ബിരുദം നേടിയത് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന്.
ആന്ധ്രയിലെ ഋഷിവാലി സ്‌കൂളിൽ ഇംഗ്ളീഷും ചരിത്രവും പഠിപ്പിച്ച് ഉദ്യോഗത്തുടക്കം. 2006-ൽ അതിഷി പ്രവർത്തനരംഗം മദ്ധ്യപ്രദേശിലേക്കു മാറ്റി. അവിടെ, സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പരിഷ്‌കരണ പരിപാടികളും ജൈവകൃഷി പ്രചരണവും. സാമൂഹിക മാറ്റം ലക്ഷ്യമിട്ടുള്ള അതിഷിയുടെ പ്രവർത്തനങ്ങളുടെ അതേ കാലത്താണ് ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പിറവി. ഡൽഹിയിലെത്തിയ അതിഷി ആം ആദ്മിയുടെ വക്താവായി.
ഡൽഹി സ്‌കൂളുകളിലെ വിദ്യാഭ്യാസരീതിയാകെ ഉടച്ചുവാർക്കപ്പെട്ടതിനു പിന്നിൽ അതിഷിയായിരുന്നു. ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രിയായ മനീഷ് സിസോദിയയെടു ഉപദേശക എന്ന നിലയിലായിരുന്നു ദൗത്യം. പക്ഷേ, അംഗീകാരമില്ലാത്ത പദവിയിലെ നിയമനം പറഞ്ഞ് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ അതിഷിയെ പുറത്താക്കി. ഈസ്റ്റ് ഡൽഹിയിൽ നിന്ന് അതിഷിയുടെ തിരഞ്ഞെടുപ്പു പരീക്ഷണം ഇതാദ്യം. എന്തായാലും നാളത്തെ വോട്ടെടുപ്പ് അതിഷിയുടെ കണ്ണീരിൽ കുതിരുമോ എന്നാണ് കണ്ടറിയേണ്ടത്. അതു തന്നെയാണ് എതിർ സ്ഥാനാർത്ഥി ഗൗതം ഗംഭീറിന്റെ പേടിയും. ക്രിക്കറ്റ് ക്രീസിൽ നിന്ന് ഗംഭീർ രാഷ്‌ട്രീയക്കളത്തിലേക്ക് ദേശാടനം നടത്തിയിട്ട് കഷ്‌ടിച്ച് മൂന്നാഴ്‌ച ആകുന്നതേയുള്ളൂ.