തിരുനെൽവേലി: തിരുവനന്തപുരത്ത് ദീർഘകാലം വ്യാപാരിയായി താമസിക്കുകയും മലയാളഭാഷയുമായി ആത്മബന്ധം സ്ഥാപിക്കുകയും ചെയ്‌ത പ്രമുഖ തമിഴ് നോവലിസ്റ്റും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു. 74 വയസായിരുന്നു.
ജലീലയാണ് ഭാര്യ. ഷമീം അഹമ്മദ്, മിർസാദ് അഹമ്മദ് എന്നിവർ പുത്രന്മാരാണ്. തിരുനെൽവേലി പേട്ട വീരബാഹു നഗറിലെ വസതിയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നടന്നു.
വൈക്കം മുഹമ്മദ് ബഷീർ, മോയിൻകുട്ടി വൈദ്യർ, എൻ.പി.മുഹമ്മദ്, യു.എ.ഖാദർ, പി. കെ പാറക്കടവ് തുടങ്ങിയവ മലയാള സാഹിത്യകാരന്മാരുടെ കൃതികൾ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഒരു കടലോര ഗ്രാമത്തിൻകതൈ, തുറൈമുകം, സായ്‌വു നാർക്കാലി, കൂനൻ തോപ്പ്, അഞ്ചുവണ്ണം തെരുവ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകൾ. സായ്‌വു നാർക്കാലി ( ചാരുകസേര ) എന്ന നോവലിനാണ് 1997ൽ അദ്ദേഹത്തിന് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചത്. കൂനൻ തോപ്പ് കലാകൗമുദി വാരികയിൽ പരമ്പരായി പ്രസിദ്ധീകരിച്ചിരുന്നു.
താങ്ങരശ്, അൻപുക്ക് മുത്തുമൈ ഇല്ലൈ, അനന്തശയനം കോളനി, ഒരു കുട്ടി തീവിൻ വരിപ്പടം, തോപ്പിൽ മുഹമ്മദ് മീരാൻ കതൈകൾ, ഒരു മാമരവും കൊഞ്ചം പറൈവകളും തുടങ്ങിയവ പ്രശസ്ത ചെറുകഥാ സമാഹാരങ്ങളാണ്.