കിരൺ ഖേർ. അനുപം ഖേറിന്റെ ഭാര്യ എന്നതിനേക്കാൾ വലിയ മേൽവിലാസമുണ്ട്, കിരൺ ഖേറിന് ബോളിവുഡിൽ. ദേശിയ പുരസ്‌കാരം നേടിയ ബോളിവുഡ് താരം, നാടക- ടിവി പ്രവർത്തക, സാമൂഹിക പ്രവർത്തക... കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ചണ്ഡിഗഢ് മണ്ഡലത്തിൽ കോൺഗ്രസ് കരുത്തനായ പവൻകുമാർ ബൻസാലിനെ കെട്ടുകെട്ടിച്ച് ലോക്‌സഭയിലെത്തിയ കിരൺ ഖേറിന് ഇത്തവണ വെല്ലുവിളി ഉയർത്തുന്നത് ബൻസാൽ മാത്രമല്ല, സ്വന്തം പാർട്ടി ഘടകം തന്നെ!
1999 മുതൽ മൂന്നു തവണ കോൺഗ്രസിനായി മണ്ഡലം കൈയടക്കിവച്ച പവൻകുമാറിനെ വീട്ടിലിരുത്തിയായിരുന്നു, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 69,642 വോട്ട് ഭൂരിപക്ഷത്തിൽ കിരണിന്റെ ജയം. പക്ഷേ, ഇത്തവണ വൈകി പ്രഖ്യാപിക്കപ്പെട്ട കിരണിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി സംസ്ഥാന ഘടകത്തിൽത്തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ കിരണിനും ഭർത്താവ് അനുപം ഖേറിനും ടെൻഷൻ തന്നെ.
കിരൺ ഖേറിനെതിരെ മണ്ഡലത്തിൽ ശക്തമായ ജനവികാരമുണ്ടെന്നും, ഇത്തവണ ടിക്കറ്റ് നൽകരുതെന്നും ബി.ജെ.പി പഞ്ചാബ് അദ്ധ്യക്ഷൻ സഞ്ജയ് ടാണ്ടൻ ദേശീയ നേതൃത്വത്തോട് നേരത്തേ പറഞ്ഞിരുന്നതാണ്. തീരുമാനം അവസാന നിമിഷം വരെ നീട്ടിക്കൊണ്ടുപോയ അമിത് ഷാ ഒടുവിൽ കിരണിനു തന്നെ രണ്ടാംവട്ട മത്സരത്തിന് ടിക്കറ്റ് നൽകുകയും ചെയ്‌തു. അങ്ങനെ സ്വന്തം മണ്ഡലത്തിൽ പ്രചാരണത്തിന് പാർട്ടിക്കാരെപ്പോലും കിട്ടാത്ത ദുരവസ്ഥയിലാണ് കിരൺ എന്നാണ് കേൾവി.
മേയ് 19- ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ പോളിംഗ് നടക്കുന്ന ചണ്ഡിഗഢിൽ കിരണിന് എതിരെ കോൺഗ്രസിന്റെ പ്രധാന പ്രചാരണം ഇതാണ്. കിരൺ ഖേറിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ ആളെക്കിട്ടുന്നില്ലെന്ന് പവൻകുമാർ ബൻസാൽ തന്നെ പ്രസംഗിക്കുന്നു. കിരണിന് ദേഷ്യം വരാതിരിക്കുമോ? ഇന്നലെ, പവൻകുമാറിനെ കിരൺ ഖേർ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്‌തു: "എന്റെ യോഗങ്ങൾക്ക് വരുന്നതിനേക്കാൾ കൂടുതൽ പേരെ പവൻ ബൻസാലിന് കൊണ്ടുവരാമോ? സിറ്റിയിൽ ഒരിടത്ത് ഞാൻ ഒറ്റയ്‌ക്കു വരാം. പവൻകുമാറും വരണം. ആരുടെയടുത്താണ് കൂടുതൽ ആൾക്കൂട്ടമെന്ന് നോക്കാമല്ലോ."
അഞ്ചു വർഷത്തിനിടെ മണ്ഡലത്തിൽ പല മേഖലകളിലും വികസനം എത്തിക്കാനായെന്നാണ് കിരണിന്റെ അവകാശവാദം. പക്ഷേ, പഴയ നായികയുടെ പ്രസംഗം കേൾക്കാൻ മുമ്പത്തെപ്പോലെ ആളുകൾ കൂടുന്നില്ലെന്നത് ഒരു യാഥാർത്ഥ്യം. ഈയാഴ്‌ച ആദ്യം കിരണിന്റെ പ്രചാരണത്തിന് എത്തിയ ഭർത്താവ് അനുപം ഖേർ പ്രസംഗിക്കുന്നതിനിടെ ഒരു വ്യാപാരി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രിക ഉയർത്തിക്കാട്ടി, നടപ്പാക്കാത്ത വാഗ്ദാനങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. ഒരക്ഷരം മിണ്ടാതെ മുഖം വീർപ്പിച്ചു മടങ്ങേണ്ടിവന്നു, അനുപം ഖേറിന്.
കഴിഞ്ഞ ഞായറാഴ്‌ച ചണ്ഡിഗഢിലെത്തിയ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രചാരണ വേദിയിലെത്തിയപ്പോൾ കേൾവിക്കാരില്ലാതെ നാണംകെട്ടുപോയി.ഉണ്ടായിരുന്ന കുറച്ചുപേർ ഷാ പ്രസംഗിച്ചു തീരുംമുമ്പേ സ്ഥലംവിടുകയും ചെയ്‌തു. മൊത്തത്തിൽ കിരണിന്റെ കാര്യം കഷ്‌ടമെന്ന് അർത്ഥം. പുതിയ സ്ഥാനാർത്ഥിയെ വേണമെന്ന ആവശ്യം നിരസിച്ച ദേശീയ നേതൃത്വത്തിന്റെ നടപടിക്കെതിരെ സംസ്ഥാന അദ്ധ്യക്ഷൻ സഞ്ജയ് ടാണ്ടന്റെ നേതൃത്വത്തിൽത്തന്നെയാണ് അണിയറയിലെ ചരടുവലികളെന്ന് കിരൺ ആരോപിക്കുന്നു.