thodupuzha-murder

തൊടുപുഴ: തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകത്തിൽ അറസ്‌റ്റിലായ അമ്മയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതി അരുൺ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ ജാമ്യം അനുവദിക്കുകയായിരുന്നു.

ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം യുവതിക്കെതിരെ കെസെടുക്കാൻ നേരത്തെ ശിശുക്ഷേമ സമിതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഉടുമ്പുംചോലയിലെ വസതിയിലുണ്ടായിരുന്ന യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് ഇപ്പോൾ റിമാൻഡിലാണ്.

അമ്മയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിക്കുകയായിരുന്നു. കുട്ടിയുടെ നാലുവയസ്സുള്ള അനുജനെയും മാതാവിന്റെ സുഹൃത്തായ അരുൺ ആനന്ദ് ആക്രമിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴി കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി തീരുമാനമെടുത്തത്. അമ്മയെ പ്രധാന സാക്ഷിയാക്കി അരുൺ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.