ന്യൂഡൽഹി: രാജ്യം തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കനത്ത തിരിച്ചടിയുമായി അമേരിക്കൻ ന്യൂസ് മാഗസിനായ ടൈെം. മോദിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായാണ് പുതിയ ലക്കം ടൈം മാഗസിൻ പുറത്തിറങ്ങുന്നത്. ഈ മാസം 20ന് പുറത്തിറങ്ങുന്ന മാഗസിന്റെ തലക്കെട്ട് തന്നെ മോദിയെ ഇന്ത്യയുടെ വിഭജന നായകൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’ എന്നും മാഗസിൻ ചോദിക്കുന്നുണ്ട്. ആഗോളതലത്തിൽ മോദിക്ക് പ്രസക്തി നഷ്ടമാകുന്നുവെന്നാണ് ടൈമിന്റെ മുഖചിത്രം കാണിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.
ആതിഷ് തസീർ ആണ് അഞ്ച് വർഷത്തെ മോദി ഭരണത്തെ വിലയിരുത്തി ടൈമിൽ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തെ മതേതരത്വവുമായി താരതമ്യം ചെയ്താൽ മോദി കാലത്ത് സാമൂഹ്യ സമ്മർദ്ദത്തിലേക്ക് രാജ്യം മാറിയെന്നും പശു സംരക്ഷണത്തിന്റെ പേരിൽ ജനങ്ങൾ കൊല്ലപ്പെടുന്നതിന് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നുമാണ് ലേഖനത്തിൽ പറയുന്നത്.
''ഇതാ സത്യം കാണൂ" എന്ന കുറിപ്പോടെ ടൈം മാഗസിന്റെ കവർ അടക്കം കോൺഗ്രസിന്റെ വനിതാ വിഭാഗമായ ദേശീയ മഹിളാ കോൺഗ്രസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, ഇതാദ്യമായല്ല, ടൈം മാഗസിൻ മോദിക്കെതിരെ വിമർശനങ്ങളുമായി രംഗത്തുവരുന്നത്. ഗുജറാത്ത് കലാപകാലത്ത് അന്ന് അവിടത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയെ അതിശക്തമായ ഭാഷയിലാണ് ടൈം നേരിട്ടിരുന്നത്. എന്നാൽ, പിന്നീട് നിലപാടിൽ അയവ് വരുത്തി, 2015ൽ ഇന്ത്യയെ ഒരു വർഷം കൊണ്ട് ആഗോള ശക്തിയാക്കിയ നേതാവ് എന്ന നിലയിലാണ് മോദിയെ ഇതേ മാഗസിന്റെ കവറിൽ അവതരിപ്പിച്ചത്. 2012ലും ടൈമിന്റെ കവറിൽ മോദിയെന്ന രാഷ്ട്രീയക്കാരനെ പുകഴ്ത്തികൊണ്ട് ടൈം ലേഖനമെഴുതിയിരുന്നു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 നേതാക്കളുടെ പട്ടികയിലും 2014, 2015, 2017 വർഷങ്ങളിൽ ടൈം മാഗസിൻ മോദിക്ക് ഇടം നൽകിയിരുന്നു.
അതേസമയം, സാമ്പത്തിക മുന്നേറ്റത്തിൽ മോദി ഇന്ത്യയുടെ പ്രതീക്ഷയെന്ന ലേഖനവും ടൈമിന്റെ ഉൾപ്പേജുകളിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകനും സാമ്പത്തിക വിദഗ്ധനുമായ ഇയാന്‍ ബ്രഹ്മറിന്റേതാണ് ഈ ലേഖനം.
ആരാണ് ഈ ആതിഷ് തസീർ
പാകിസ്ഥാനിലെ മുൻ രാഷ്ട്രീയ നേതാവ് സൽമാൻ തസീറിന്റെയും ഇന്ത്യയിലെ പത്രപ്രവർത്തകയായ തവ്‌ലീൻ സിംഗിന്റെയും മകനാണ് ആതിഷ് തസീർ.
2012ൽ
മോദിയെന്നാൽ, വ്യവസായമാണെന്ന് പറയുന്ന ലേഖനത്തിൽ ഇന്ത്യയെ നയിക്കാൻ മോദിക്ക് കഴിയുമോ എന്ന ആശങ്കയും പങ്കുവയ്ക്കുന്നു.
2015ൽ
പ്രധാനമന്ത്രി ആയതിനുശേഷമുള്ള മോദിയുടെ ഒരുവർഷക്കാലത്തെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം. മോദിയുടെ അഭിമുഖം ഉൾപ്പെടെ.
2019ൽ
ഇന്ത്യയുടെ വിഭജനനായകൻ എന്ന് തലക്കെട്ട്. ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’എന്നും ചോദ്യം.