1. കള്ളവോട്ടില്‍ കര്‍ശന നടപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കണ്ണൂരില്‍ കള്ളവോട്ട് നടന്നതിന് സ്ഥിരീകരണം. പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നു. പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്തവരില്‍ ആറുപേര്‍ മാപ്പ് അപേക്ഷിച്ചു. എന്നാല്‍ ഇത് മാപ്പര്‍ഹിക്കാത്ത കുറ്റം. സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു. ഉദ്യോഗസ്ഥര്‍ക്ക് എതിരെ അതാത് വകുപ്പുകള്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം കേസ് എടുക്കും
2. ഒന്‍പത് ലീഗുകാര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനും എതിരെ കേസ്. പാമ്പുരുത്തിയില്‍ ലീഗ്കാരും ധര്‍മ്മടത്ത് സി.പി.എം പ്രവര്‍ത്തകരുമാണ് വോട്ട് ചെയ്തത്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുക ആണ്. അന്‍പതിനായിരത്തോളം പോസ്റ്റല്‍ വോട്ടുകള്‍ ഇനിയും എത്താനുണ്ട് എന്നും കള്ളവോട്ട് മാപ്പര്‍ഹിക്കാത്ത കുറ്റം എന്നും ടീക്കാറാം മീണ.
3. റഫാല്‍ കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. തിരഞ്ഞെടുപ്പ് വിധി വരുന്നതിന് മുന്‍പ് റഫാലില്‍ ഉത്തരവ് പറയില്ല. കേസില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടി എടുത്തത് എന്ന് ആയിരുന്നു പുനപരിശോധന ഹര്‍ജിക്കാരുടെ വാദം. റഫാല്‍ നടപടിക്രമങ്ങളില്‍ പിശകുണ്ടായാലും വിധിയില്‍ പുനപരിശോധന വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടിനെയാണ് ഹര്‍ജിക്കാര്‍ എതിര്‍ക്കുന്നത് എന്നും കേന്ദ്ര കോടതിയില്‍ വാദിച്ചു
4. അതേസമയം, കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ പിഴവ് സംഭവിച്ചു എന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ എന്തു കൊണ്ട് ഒഴിവാക്കിയെന്ന് ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ബി.ജെ.പി വിമതരും മുന്‍ കേന്ദ്ര മന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്
5. അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസും വിധി പറയാന്‍ മാറ്റി. വാദങ്ങള്‍ രണ്ടാഴ്ചക്കകം എഴുതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. റഫാല്‍ ഇടപാടില്‍ കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീംകോടതി കണ്ടെത്തി എന്ന പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്
6. തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മര്‍ദ്ദന വിവരം മറച്ചു വച്ചതിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റു ചെയ്തിരിക്കുന്നത്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദിനെ സംരക്ഷിക്കുകയും കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയും ചെയ്തതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
7. ബാലനീതി നിയമം 75-ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75-ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
8. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനം മന്ത്രിയെ വിമര്‍ശിച്ച കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാണ്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യം സംബന്ധിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വാക്കുകള്‍ മന്ത്രിമാര്‍ കേള്‍ക്കുന്നത് തെറ്റ് അല്ല എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു
9. തിരഞ്ഞെടുപ്പ് ഫണ്ടിലെ പണം മോഷണം പോയി എന്ന പരാതിയുമായി കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പൊലീസിനെ സമീപിച്ചത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്കാണ് അദ്ദേഹം പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍കോട് മേല്‍പ്പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയി എന്നാണ് പരാതി
10. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ മാസിക ടൈം മാഗസിന്‍. ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ് എന്നാണ് മാഗസീന്‍ മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മേയ് 20ലെ ഏഷ്യന്‍ എഡിഷനില്‍ ആണ് വിവാദമായ ലേഖനം വന്നിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം കൂടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം സഹിക്കുമോ എന്ന തലക്കെട്ടില്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്
11. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് താനില്ല എന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു കറുത്ത കുതിര ആവാന്‍ താനില്ല. പ്രധാനമന്ത്രി ആവണം എന്ന് തനിക്ക് ആഗ്രഹം ഇല്ലെന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു