ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസമായ ജനുവരി-മാർച്ചിൽ 838.40 കോടി രൂപയുടെ ലാഭം നേടി. 2017-18ലെ സമാനപാദത്തിൽ ബാങ്ക് കുറിച്ചത് 7,​718.17 കോടി രൂപയുടെ നഷ്‌ടമായിരുന്നു. ഇക്കുറി ലാഭത്തിലേറിയെങ്കിലും നിരീക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് നിൽക്കാൻ ബാങ്കിന് കഴിഞ്ഞില്ല. 3,​900 കോടി രൂപ മുതൽ 4,​890 കോടി രൂപ വരെ ലാഭം എസ്.ബി.ഐ നേടുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ബാങ്ക് 3,​954.81 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ പാദത്തിൽ ബാങ്കിന്റെ പ്രവർത്തനലാഭം 15,​883 കോടി രൂപയിൽ നിന്ന് ആറു ശതമാനം ഉയർന്ന് 16,​933 കോടി രൂപയായി. അറ്റ പലിശ വരുമാനം 19,​974 കോടി രൂപയിൽ നിന്ന് 14.9 ശതമാനം വർദ്ധിച്ച് 22,​954 കോടി രൂപയിലുമെത്തി. മൊത്തം നിഷ്‌ക്രിയ ആസ്‌തി തൊട്ടുമുമ്പത്തെ പാദത്തിലെ 8.71 ശതമാനത്തിൽ നിന്ന് 7.53 ശതമാനത്തിലേക്ക് താഴ്‌ന്നതും ബാങ്കിന് നേട്ടമായി. അറ്റ നിഷ്‌ക്രിയ ആസ്‌തി 3.95 ശതമാനത്തിൽ നിന്ന് 3.01 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്‌തി 1.88 ലക്ഷം കോടി രൂപയിൽ നിന്ന് 1.72 ലക്ഷം കോടി രൂപയിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 80,​944 കോടി രൂപയിൽ നിന്ന് 65,​895 കോടി രൂപയിലേക്കുമാണ് താഴ്‌ന്നത്.

പലിശനിരക്ക്

0.05% കുറച്ചു

ഇടപാടുകാർക്ക് ആശ്വാസം പകർന്ന് എസ്.ബി.ഐ ഇന്നലെ വായ്‌പാപ്പലിശയുടെ അടിസ്ഥാന നിരക്കായ എം.സി.എൽ.ആർ 0.05 ശതമാനം കുറച്ചു. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു. എല്ലാ വിഭാഗം വായ്‌പകളിലും ഇളവ് ബാധകമാണ്. ഇതുപ്രകാരം ഒരുവർഷ കാലാവധിയുള്ള വായ്‌പയുടെ പലിശ 8.50 ശതമാനത്തിൽ നിന്ന് 8.45 ശതമാനമായി കുറഞ്ഞു. ഒരുമാസത്തിനിടെ രണ്ടാംവട്ടമാണ് എസ്.ബി.ഐ വായ്‌പാപ്പലിശ കുറയ്ക്കുന്നത്. ഏപ്രിലിലും 0.05 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.

ജെറ്ര് എയർ‌വേസിനായി

രണ്ട് അപേക്ഷകർ

ജെറ്ര് എയർവേസിന്റെ ഓഹരി സ്വന്തമാക്കാനായി ലഭിച്ചത് രണ്ടു അപേക്ഷകളെന്ന് എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. കഴിഞ്ഞമാസം പ്രവർത്തനം നിറുത്തിയ ജെറ്രിന്റെ നിയന്ത്രണം ഇപ്പോൾ എസ്.ബി.ഐ നയിക്കുന്ന ബാങ്കിംഗ് കൺസോർഷ്യത്തിനാണ്. ഏതൊക്കെ കമ്പനികളാണ് അപേക്ഷ നൽകിയതെന്നോ ഓഹരി വില്‌പനയുടെ തുടർ നടപടികളെ കുറിച്ചോ രജനീഷ് കുമാർ വിശദമാക്കിയില്ല.