rafale

ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പിശകുണ്ടായാലും വിധിയിൽ പുനഃപരിശോധന വേണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടിനെയാണ് ഹർജിക്കാർ എതിർക്കുന്നതെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു. വാദത്തിന് ശേഷം പുനഃപരിശോധനാ ഹർജിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹർജിയും സുപ്രീം കോടതി വിധി പറയാൻ മാറ്റി. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസിൽ വിധി പ്രസ്താവിക്കുന്നത്. വാദങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ രേഖാമൂലം നൽകണമെന്നും കോടതി നിർദേശിച്ചു.

റാഫേൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കു ശേഷം മാദ്ധ്യമങ്ങളിലൂടെ പുറത്ത വന്ന പുതിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പുനഃപരിശോധനാ ഹർജിയിലെ വാദം. വിമാനം വാങ്ങുന്നത് പ്രദർശനത്തിനല്ല,​ എല്ലാവരുടേയും സുരക്ഷയുടെ പ്രശ്നമാണ്. മറ്റു രാജ്യങ്ങളിലൊന്നും ഇത്തരം വിഷയങ്ങൾ കോടതിക്ക് മുന്നിലെത്തില്ലെന്നും കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ കോടതിയിൽ വാദിച്ചു.ഇടപാടിൽ കേസെടുത്ത് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം

എന്നാൽ റാഫേൽ കേസിൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്രസർക്കാർ അനുകൂലവിധി നേടിയെടുത്തതെന്ന് പുനപരിശോധനാ ഹർജിനൽകിയവർ വാദിച്ചു. അഴിമതി തടയാനുള്ള വ്യവസ്ഥകൾ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ഏറ്റവും ഒടുവിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും സർക്കാർ വ്യക്തമാക്കിയിട്ടില്ല. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കുന്നതിനെ ഫ്രാൻസിൽ ചർച്ചയ്ക്ക് പോയ സംഘത്തിലെ പകുതിപ്പേർ എതിർത്തതും കേന്ദ്രം കോടതിയെ അറിയിച്ചിട്ടില്ലെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺചൂണ്ടിക്കാട്ടി. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വിധി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി വിമതരും മുൻകേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അദ്ധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പരിഗണിക്കുന്നത്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണം അന്വേഷിക്കേണ്ടതില്ല എന്ന വിധിയെയാണ് ഹർജിക്കാർ ചോദ്യംചെയ്തത്.

എന്നാൽ ഹർജിക്കാർ ഉന്നയിച്ച വാദങ്ങളെയെല്ലാം കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ എ.ജി നിഷേധിച്ചു.

ഹർജിക്കാർ ആവശ്യപ്പെട്ട രേഖകൾ ഒരു കാരണവശാലും കോടതിക്ക് കൈമാറാൻ കഴിയില്ലെന്നും എ.ജി അറിയിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒരു കരാർ 2008ൽ ഒപ്പുവെച്ചിരുന്നു. ആ കരാറിലെ പത്താമത്തെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വില സംബന്ധിച്ച വിവരങ്ങളും മറ്റ് രഹസ്യ വിവരങ്ങളും പുറത്ത് വിടുന്നതിൽ വിലക്കുണ്ടെന്ന് എ.ജി കോടതിയെ അറിയിച്ചു. അതിനാൽവിലയുള്‍പ്പെടെയുള്ള രഹസ്യവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും എ.ജി പറഞ്ഞു.

കോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചെന്നും നടപടിയെടുക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ആ പിശക് മാത്രം ചൂണ്ടിക്കാട്ടി പുനഃപരിശോധനയ്ക്ക് ഉത്തരവിടരുതെന്നാണ് കേന്ദ്രം വാദിക്കുന്നത്. മാദ്ധ്യമവാർത്തകളും മോഷ്ടിച്ച രേഖകളും കണക്കിലെടുക്കരുതെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.