തൃശൂർ: തൃശൂർ പൂരത്തിന് തിടമ്പേറ്രാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരക്കാരനായി എറണാകുളം ശിവകുമാർ എത്താൻ സാദ്ധ്യത. ശിവകുമാറിനെ പരിഗണിക്കണമെന്ന് കാട്ടി ദേവസ്വം ബോർഡ് നെയ്തലക്കാവ് ദേവസ്വം ഉപദേശകസമിതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ തിടമ്പേറ്റാൻ രാമചന്ദ്രൻ തന്നെ വേണമെന്നാണ് ആനപ്രമേികൾ ആവശ്യപ്പെടുന്നത്.
വർഷങ്ങളായി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുരം തുറന്ന് വരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. എന്നാൽ രാമചന്ദ്രന്റെ ആരോഗ്യ പ്രശ്നങ്ങളും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് ജില്ലാ കളക്ടർ അനുമതി നിക്ഷേധിക്കുകയായിരുന്നു. രാമചന്ദ്രനെത്തിയാൽ അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നേരത്തെ സ്വീകരിക്കണമെന്നും അപകടം ഉണ്ടായാൽ ഉത്തരവാദിത്തം ഉടമകൾ ഏറ്റെടുക്കുമെന്ന് രേഖാമൂലം നൽകിയാൽ അനുവദിക്കാമെന്നും എ.ജിയുടെ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
രാമചന്ദ്രൻ ഇല്ലെങ്കിൽ പകരം സാദ്ധ്യത കൽപ്പിക്കുന്നത് 53 വയസുള്ള ശിവകുമാറാണ്. 301 സെന്റെി മീറ്ററാണ് ഉയരം. കഴിഞ്ഞവർഷം പൂരത്തിന് ഇടത്തെക്കൊമ്പനായി തിരുവമ്പാടിയുടെ ഗജനിരയിൽ ശിവകുമാർ ഉണ്ടായിരുന്നു. തിരുവമ്പാടിയുടെ പതിനഞ്ചിൽ മൂന്നാം സ്ഥാനമായിരുന്നു ശിവകുമാറിന്. കൊച്ചിൻ ദേവസ്വത്തിന്റെ ഗജകേസരിയിൽ മുമ്പനാണ് ശിവകുമാർ. ആനയുടമകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ശിവകുമാർ പകരക്കാരനായി എത്തുക.