വലൻസിയ: ഫുട്ബാളിൽ ഇത് ത്രില്ലർ പോരാട്ടങ്ങളുടെ കാലം. ലിവർപൂളിനും ടോട്ടനത്തിനും പിന്നാലെ ആഴ്സനലും ഫുട്ബാളിലെ ഇംഗ്ലീഷ് പെരുമ വാനോളമുയർത്തി തകർപ്പൻ ജയം സ്വന്തമാക്കി. യൂറാപ്പ ലീഗിന്റെ രണ്ടാം പാദ സെമിയിലേറ്റ തോൽവിയിൽ നിന്ന് തിരിച്ചു വരവിന്റെ സൂചനകൾ നൽകിയ വലൻസിയയെ ഔബമെയാഗിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ മറികടന്നാണ് ആഴ്സനൽ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. രണ്ടാം പാദത്തിൽ 4-2നും ഒന്നാം പാദത്തിൽ 3-1 നും വലൻസിയയെ കീഴടക്കിയ ആഴ്സനൽ ഇരു പാദങ്ങളിലുമായി 7 -3 ന്റെ ജയമാണ് സ്വന്തമാക്കിയത്. ഔബമെയാഗിനെക്കടാതെ ഫ്രഞ്ച് താരം അലക്സാണ്ടർ ലക്കാസട്ടെ ആഴ്സനലിനായി ഒരുഗോൾ നേടി. കെവിൻ ഗമേറോയാണ് വലൻസിയയുടെ രണ്ട് ഗോളുകളും നേടിയത്. മത്സരത്തിൽ ബാൾ പൊസഷനിലും ഉതിർത്ത ഷോട്ടുകളിലും പാസിംഗിലും മുന്നിട്ട് നിന്നതും ആദ്യ ഗോൾ നേടിയതും വലൻസിയ ആയിരുന്നെങ്കിലും ഔബമെയാഗിന്റെ അദ്ഭുത പ്രകടനം ആഴ്സനലിന് തുണയാവുകയായിരുന്നു.