തിരുവന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ തിരിമരി നടന്നുവെന്ന് സ്ഥിരീകരിച്ചതിനെതുടർന്ന് പോസ്റ്റൽ വോട്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പൊലീസുകാരുടെ മുഴുവൻ പോസ്റ്റൽ വോട്ടുകളും റദ്ദാക്കുക, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാർക്കും സംസ്ഥാന ഇലക്ടറൽ ഓപീസറുടെ മേൽനോട്ടത്തിൽ ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കോടതിയെ സമീപിക്കുകയെന്ന് ചെന്നിത്തല വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൊലീസുകാരുടെ പോസ്റ്റൽ വോട്ടിലെ തിരിമറി സംബന്ധിച്ച് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്ടറൽ ഓഫീസർക്ക് നല്‍കിയത്. ആദ്യം നൽകിയ കത്ത് ഇലക്ടറൽ ഓഫീസർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയെങ്കിലും പ്രശ്നങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നടപടി അവസാനിപ്പിക്കുകയായിരുന്നു.
താൻ ആദ്യംനൽകിയ കത്ത് അവഗണിച്ചതാണ് പ്രശ്നങ്ങൾ വഷളാകാൻ കാരണം. അന്നത്തെ കത്തിൽ കഴമ്പില്ലെന്ന് പറഞ്ഞ് മടക്കിയ അതേ പൊലീസ് മേധാവിയുടെ കീഴിലാണ് ഇപ്പോൾ തിരിമറിക്കേസ് അന്വേഷിക്കുന്നത് എന്നതിനാൽ അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണെന്നും ചെന്നിത്തല വ്യക്തമാക്കി.