election-2019

ന്യൂഡൽഹി: ദേശീയ സുരക്ഷാ വിഷയം ഇത്തവണ ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ കരുത്തു പകരുമെന്ന് പാർട്ടി ദേശീയ അദ്ധ്യേഷൻ അമിത് ഷാ. 2014ൽ 282 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 55 സീറ്റുകൾ അധികം നേടുമെന്നും പി.ടി.ഐ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു.

പശ്ചിമ ബംഗാളിൽ 23 സീറ്റിലധികവും ഒഡിഷയിൽ 13 മുതൽ 15 സീറ്റുകൾ വരെയും നേടാനാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ (കഴിഞ്ഞ തവണ ബംഗാളിൽ രണ്ടും, ഒഡിഷയിൽ ഒരു സീറ്റുമാണ് ബി.ജെ.പിക്കു ലഭിച്ചത്). പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കു നേരെ നടത്തിയ മിന്നലാക്രമണത്തിനു ശേഷം രാജ്യസുരക്ഷാ വിഷയം ഇന്ത്യയിൽ സജീവ ചർച്ചയായി. മോദി സർക്കാരിനു കീഴിൽ എല്ലാവർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് നരേന്ദ്രമോദി പരാമർശിച്ചതിനെതിരെ കോൺഗ്രസ് നേതാക്കൾ ഉയർത്തിയ രോഷപ്രകടനം അർത്ഥശൂന്യമാണെന്ന് പരിഹസിച്ച അമിത് ഷാ, ഭൂതകാലം മറക്കാനോ മറച്ചുവയ്‌ക്കാനോ കോൺഗ്രസിനു കഴിയില്ലെന്ന് ഓർമ്മിപ്പിച്ചു.