ksrtc-in-temple

കൊട്ടാരക്കര: ത‌ൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ ചർച്ചകൾ ഏറിവരികയാണ്. രാമചന്ദ്രന്റെ ആരോഗ്യ പ്രശ്നങ്ങളും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് ജില്ലാ കളക്ടർ അനുമതി നിക്ഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൊട്ടാരക്കരക്കാരുടെ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ആനയ്ക്ക് പകരം ആനവണ്ടിയെ എഴുന്നള്ളിക്കുന്ന കൗതുക കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈൽ വർക്ക് ഷോപ്പാണ് ഉത്സവത്തിന് ബസിനെ ആർഭാടപൂർവം എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടം കെട്ടി പൂമാലയും തോരണങ്ങളുമായി അലങ്കരിച്ചാണ് ആനവണ്ടിയെ ആനയിക്കുന്നത്. കൊട്ടാരക്കരക്കാർ ആനവണ്ടിയെ ആഘോഷപൂർവം എതിരേൽക്കുന്നു.

വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിന് പുറത്താണ് ആനവണ്ടിയെ ആനയായി എഴുന്നള്ളിക്കാൻ തീരുമാനിച്ചത്. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോ വർഷങ്ങളായി പ്രസിദ്ധമായ ഇൗ ഉൽസവത്തിന്റെ ഭാഗമാകാറുണ്ട്. കൊട്ടാരക്കരക്കാർ ആനവണ്ടിക്കും ക്ഷേത്രങ്ങൾക്കും പ്രാധാന്യം നൽകുന്നു. നിരവധി പേരാണ് ആനവണ്ടി എഴുന്നള്ളിപ്പിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങൾക്ക് യതൊരുവിധ ബുദ്ധിമുട്ടും ഇല്ലാത്ത പ്രവർത്തിയാണെന്നും അവർ പറയുന്നു.