thechikkottukavu

തൃശൂർ: തൃശൂർപൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് തെച്ചിക്കോട്ട് ദേവസ്വം. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിനു രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കിൽ ഉടമ എന്ന നിലയ്ക്ക് പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ, സർക്കാർ നിർദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കിക്കൊടുക്കാനും ധാരണയായി.

പൂര വിളംബരത്തിന് ആവശ്യമെങ്കിൽ എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശം ജില്ലാ കളക്‌ടർക്ക് ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകേണ്ടതെന്ന് എ.ജി സി.പി സുധാകര പ്രസാദ് സർക്കാരിനെ അറിയിച്ചത്. ആനയ്ക്ക് പ്രകോപനം ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും അനുവദിക്കരുതെന്നും ജനങ്ങൾ ആനയുമായി നിശ്ചിത അകലം പാലിക്കണമെന്നും നിയമോപദേശത്തിൽ പറയുന്നു. അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നേരത്തെ സ്വീകരിക്കണമെന്നും അപകടം ഉണ്ടായാൽ ഉത്തരവാദിത്തം ഉടമകൾ ഏറ്റെടുക്കുമെന്ന് രേഖാമൂലം സർക്കാർ എഴുതിവാങ്ങണമെന്നും എ.ജിയുടെ നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഉറപ്പുമായി തെച്ചിക്കോട്ട് ദേവസ്വം രംഗത്തെത്തിയത്.