sam-pitroda

ന്യൂഡൽഹി∙ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ ഓവർസീസ്‍ കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോദ. തന്റെ വാക്കുകൾ തെറ്റായി അവതരിപ്പിക്കുകയായിരുന്നെന്ന് പിത്രോദ പറഞ്ഞു. നിരവധി വിഷയങ്ങൾ വേറെ ചർച്ച ചെയ്യാനുണ്ടെന്നാണു പറഞ്ഞത്. ബി.ജെ.പി സർക്കാർ ചെയ്ത കാര്യങ്ങൾ ചർച്ചയാകേണ്ടതാണ്.

അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ദേശീയ വാർത്താ ഏജൻസിയോട് സാം പിത്രോദ പറഞ്ഞു.

സാം പിത്രോദയുടെ അഭിപ്രായത്തെ കോൺഗ്രസ് നേരത്തേ തള്ളിയിരുന്നു.വ്യക്തികളുടെ അഭിപ്രായങ്ങൾ കോൺഗ്രസിന്റെ നിലപാടുകളല്ലെന്നായിരുന്നു കോൺഗ്രസ് വിഷയത്തിൽ പ്രതികരിച്ചത്. ഡൽഹി ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് പിത്രോദയുടെ പരാമർശം.

സിഖുകാരെ കൊലപ്പെടുത്താനുള്ള നിർദേശം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസിൽനിന്നാണു നൽകിയതെന്ന് കലാപം അന്വേഷിച്ച നാനാവതി കമ്മിഷൻ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ‌ സാം പിത്രോദ പറഞ്ഞതിങ്ങനെ– ഞാൻ അങ്ങനെ കരുതുന്നില്ല. അതു മറ്റൊരു നുണയാണ്. 1984ൽ എന്താണ്?. അഞ്ച് വർഷം കൊണ്ടുചെയ്ത കാര്യങ്ങളെക്കുറിച്ചു നിങ്ങൾ പറയൂ. 1984ൽ നടന്ന കാര്യമാണ് അത്. അതിനെന്താണ്? നിങ്ങളെന്താണു ചെയ്തത്– വാർത്താ ഏജൻസിയോട് പിത്രോദ പറഞ്ഞു.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി തുടങ്ങി നിരവധി ബി.ജെ.പി നേതാക്കൾ പിത്രോദയുടെ വാക്കുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പറഞ്ഞ ഈ വാക്കുകൾ പാർട്ടിയുടെ ധാർഷ്ട്യമാണു കാണിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചിരുന്നു.