ന്യൂഡൽഹി: വ്യോമപാത ലംഘിച്ചതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ നിർദേശപ്രകാരം ജയ്പൂരിൽ ഇറക്കിയ ജോർജിയൻ വിമാനം എ.എൻ-12 വിട്ടയച്ചു. ജോർജിയയിലെ ബിലിസിയിൽനിന്ന് കറാച്ചി വഴി ഡൽഹിയിലേക്ക് വന്ന വിമാനമാണിത്.
വടക്കൻ ഗുജറാത്തിൽ വച്ചാണ് വിമാനം വ്യോമപാത ലംഘിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ വ്യോമസേനയുടെ യുദ്ധവിമാനം വിമാനത്തെ പിന്തുടരുകയും ജയ്പൂർ വിമാനത്താവളത്തിൽ ഇറക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. പൈലറ്റിനെയും ജീവനക്കാരെയും ചോദ്യം ചെയ്തു. ഇത് ഒരു ഗുരുതരമായ പിഴവല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ, പുൽവാമ ഭീകരാക്രമണത്തിന് ശേഷം നടന്ന ഇന്ത്യ-പാക് വ്യോമ പോരാട്ടങ്ങളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വിമാനം ഇറക്കിച്ചത്.