iip

 മാർച്ചിൽ വളർച്ച നെഗറ്റീവ് 0.1%

കൊച്ചി: കേന്ദ്രസർക്കാരിനും ബിസിനസ് ലോകത്തിനും ആശങ്ക നൽകി ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന വളർച്ച മാർച്ചിൽ 21 മാസത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തി. നെഗറ്റീവ് 0.1 ശതമാനത്തിലേക്കാണ് വളർച്ചയിടിഞ്ഞത്. 2017 ജൂണിലെ 0.3 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും മോശം പ്രകടനമാണിത്. 2018 മാർച്ചിൽ വ്യാവസായിക ഉത്‌‌പാദനം 5.3 ശതമാനം ഉയർന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19)​ മൊത്തം വ്യാവസായിക ഉത്‌പാദന വളർച്ച 3.6 ശതമാനമാണ്. 2017-18ൽ ഇത് 4.4 ശതമാനമായിരുന്നുവെന്ന് കേന്ദ്ര സ്‌‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ)​ വ്യക്തമാക്കി.

2015-16ൽ 3.3 ശതമാനവും 2016-17ൽ 4.6 ശതമാനവുമായിരുന്നു വളർച്ച. വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി)​ 77.63 ശതമാനം പങ്കും വഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച പോസിറ്റീവ് 5.7 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 0.4 ശതമാനത്തിലേക്ക് ഇടിഞ്ഞതാണ് മാർച്ചിൽ തിരിച്ചടിയായത്. കാപ്പിറ്റിൽ ഗുഡ്‌സ് ഉത്‌പാദനം 8.7 ശതമാനവും ഇടിഞ്ഞു. ഊർ‌ജോത്പാദനം 2.2 ശതമാനവും ഖനനം 0.8 ശതമാനവും ഉത്‌പാദനയിടിവ് രേഖപ്പെടുത്തി. ഫെബ്രുവരിയിലെ വളർച്ച നേരത്തേ വിലയിരുത്തിയിരുന്ന 0.1 ശതമാനത്തിൽ നിന്ന് 0.07 ശതമാനത്തിലേക്ക് താഴ്‌ത്തി സി.എസ്.ഒ പുനർനിർണയിച്ചിട്ടുമുണ്ട്.