assam

ഗുവാഹത്തി: അസമിലെ ഹൈലകണ്ഡി നഗരത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ആക്രമികളെ തുരത്താൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. മൂന്ന് പൊലീസുകാരടക്കം 15ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി സ്ഥാപനങ്ങളും അക്രമികൾ തല്ലിത്തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു വിഭാഗത്തിന്റെ ആരാധാനലയത്തിന് മുന്നിൽ നിറുത്തിയ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തിൽ ആരാധനാലയ അധികൃതർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ ആരാധനാലയത്തിന് മുന്നിൽനിന്ന വിശ്വാസികൾക്കു നേരെ ഒരു വിഭാഗം കല്ലെറിഞ്ഞതിനെ തുടർന്ന് സംഘർഷമുടലെടുക്കുകയായിരുന്നു. ദേശീയ പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശമാണിത്.