മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമൊക്കെയാണ് ബാലചന്ദ്രമേനോൻ. 1997ൽ സമാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടി എത്തി. ദേശീയ പുരസ്കാരം ലഭിച്ച കാലത്ത് മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ തന്റെ വീട്ടിൽ വന്നുവെന്നും, തുടർന്ന് തന്റെ അച്ഛനുമായുള്ള സംഭാഷണത്തിനിടെ ചോദിച്ച ചോദ്യം ഇന്നും തനിക്ക് മറക്കാനാകില്ലെന്ന് പറയുകയാണ് അദ്ദേഹം. സ്വന്തം യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയിസിലൂടെയായിരുന്നു രസകരമായ സംഭവത്തെ കുറിച്ച് മേനോൻ മനസു തുറന്നത്.
ബാലചന്ദ്രമേനോന്റെ വാക്കുകൾ-
'എം.ടി വാസുദേവൻ നായർ എന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനത്തിന് വീട്ടിൽ വന്നു. ഭക്ഷണം കഴിക്കാൻ വന്നപ്പോൾ അച്ഛൻ അവിടിരിപ്പുണ്ട്. അച്ഛനിറങ്ങി വന്നു, എംടി സാറിനെ കണ്ടു. അതൊക്കെ അച്ഛൻ വളരെ പോളിഷ്ഡ് ബിഹേവിയർ ആണ്. അദ്ദേഹത്തെ വന്ദിച്ചു, ഇരുന്നു. അപ്പോൾ എം.ടി സാറിന് ആവശ്യമില്ലാത്തൊരു ചോദ്യം. 'എങ്ങനുണ്ട്? ബാലചന്ദ്രമേനോന്റെ അച്ഛനെന്ന രീതിയിൽ ഒരു അഭിമാനമൊക്കെ തോന്നുന്നില്ലേ?' ഞാനതൊരു ഡിപ്ളോമസിയുടെ പുറത്തുപറയണോ, അതോ ഫ്രാങ്കായി പറയണോ എന്ന് അച്ഛൻ ചോദിച്ചു. ഫ്രാങ്കായി പറയുന്നത് കേൾക്കാനാണ് തനിക്കിഷ്ടമെന്ന് എം.ടി സാർ പറഞ്ഞു.
'അങ്ങനാണെങ്കിൽ എനിക്കത്ര അഭിമാനമുണ്ടെന്ന് ഞാൻ പറയത്തില്ല. (ഞാൻ അടുത്തിരിക്കുവാണ്). കാരണം മൈ സൺ വാസ് വെരി ടാലന്റഡ്. ഹീ വാസ് വെരി ഗിഫ്റ്റഡ്. വെരി ടാലന്റഡ്. അതൊന്നും അവന് ഉപയോഗിക്കാൻ പറ്റിയില്ല. ഹീ വെൻടു സിനിമ. സിനിമാ എന്നു പറഞ്ഞാൽ മിസ്റ്റർ എം.ടിയ്ക്ക് അറിയാമല്ലോ?' അച്ഛൻ അപകടത്തിൽ ചാടുവാണോ? ഞാൻ എം.ടി സാറിന്റെ മുഖത്തു നോക്കി. അവിടെ കുഴപ്പമില്ല. ദാറ്റ് വാസ് മൈ ഫാദർ'.