kerala-wedding

തിരുവനന്തപുരം: മിശ്ര വിവാഹിതരിൽ ഒരാൾ മുന്നാക്ക വിഭാഗമാണെങ്കിലും അവരുടെ കുട്ടികൾക്കും സാമുദായിക സംവരണം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അവർക്ക് സംവരണത്തിനുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന് നിലവിലുള്ള തടസങ്ങൾ നീക്കി.

മുന്നാക്ക വിഭാഗക്കാർ സാമുദായിക പിന്നാക്കാവസ്ഥയുടെ ഗണത്തിൽ വരില്ലെന്ന സുപ്രീംകോടതി നിശ്‌ചയിച്ച ക്രീമിലെയർ മാനദണ്ഡം അനുസരിച്ചാണ്

മിശ്രവിവാഹിതരിൽ ഒരാൾ മുന്നാക്കമാണെങ്കിലും അവരുടെ കുട്ടികൾക്ക് സാമുദായിക സംവരണം നിഷേധിച്ചിരുന്നത്. ഇത് സംബന്ധിച്ച പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ കുട്ടികൾക്കും സാമുദായിക സംവരണം ലഭിക്കുന്നതിനുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് വ്യക്തത വരുത്തുന്നതെന്ന് പിന്നാക്ക വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ പറയുന്നു.

സാമുദായിക സംവരണത്തിൽ

വെള്ളം ചേർക്കലെന്ന് ആക്ഷേപം

അതേസമയം,​ സാമുദായിക സംവരണത്തിൽ വെള്ളം ചേർക്കാനും മുന്നാക്കക്കാർക്ക് നിയമ വിരുദ്ധമായി സാമുദായിക സംവരണം ലഭ്യമാക്കാനുമുള്ള വളഞ്ഞ വഴിയാണ് ഉത്തരവെന്ന് ആക്ഷേപം ഉയർന്നു. പിന്നാക്കക്കാർക്ക് സാമുദായിക സംവരണത്തിനും ക്രീമിലെയർ മാനദണ്ഡത്തിനും അടിസ്ഥാനം സാമൂഹിക പിന്നാക്കാവസ്ഥയാണ്. മുന്നാക്കക്കാർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെങ്കിലും അവർക്ക് സാമൂഹിക പിന്നാക്കാവസ്ഥ ഇല്ല. അവർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ അടുത്തിടെ പാർലമെന്റിൽ നിയമനിർമ്മാണം നടത്തിയതും അതിനാലാണ്. ഈ സാമ്പത്തിക സംവരണത്തിനാവട്ടെ,​ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതയുമില്ല. അതിനാൽ മിശ്ര വിവാഹത്തിന്റെ പേരിലായാലും മുന്നാക്കക്കാർക്ക് സാമുദായിക സംവരണം അനുവദിക്കുന്നത് നിയമ വിരുദ്ധമാണെന്ന് പിന്നാക്ക സമുദായ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്ലസ് ടൂ, ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെയും മെഡിക്കൽ, എൻജിനീയറിംഗ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളുടെയും പ്രവേശനം നടക്കാനിരിക്കെ പുതിയ ഉത്തരവിലൂടെ ഈ കോഴ്സുകളിലെല്ലാം പിന്നാക്കക്കാർക്ക് അർഹമായ സാമുദായിക സംവരണം മിശ്രവിവാഹിതരുടെ മക്കൾക്കും ലഭിക്കാൻ വഴിയൊരുങ്ങി.