muhammd

തിരുവനന്തപുരം: എട്ടു വർഷം മുമ്പ് കേന്ദ്ര സാഹിത്യ അക്കാഡമി അവാ‌ർഡ് നിർണയ സമിതിക്ക് മുന്നിൽ അവസാന റൗണ്ടിൽ എത്തിയത് രണ്ട് തമിഴ് സൃഷ്ടികൾ. ഒന്ന് സാക്ഷാൽ മുത്തുവേൽ കരുണാനിധിയുടേത്. രണ്ടാമത്തേത് തോപ്പിൽ മുഹമ്മദ് മീരാന്റെ 'ചായ്‌വു നാർക്കാലി'(ചാരുകസേര) എന്ന നോവലും. പുരസ്കാരം ലഭിച്ചത് ചാരുകസേരയ്ക്ക്! അക്കാഡമി അവാർഡ് ലഭിക്കുന്നതിനു മുമ്പു തന്നെ സ്വന്തമായി ഒരു ഇരിപ്പടം സ്വന്തമാക്കിയ എഴുത്തുകരനായി മുഹമ്മദ് മീരാൻ മാറിയിരുന്നു.

സ്വന്തക്കാരെ പറ്റിയും നാട്ടുകാരെ പറ്റിയും കഥയെഴുതിയതിന്റെ പേരുദോഷം തനിക്കുണ്ടെന്നു പറഞ്ഞ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പാത പിന്തുടർന്നാണ് മുഹമ്മദ് മീരാനും കഥ എഴുതിയത്. ആദ്യ നോവലു തന്നെ ജന്മനാടായ തേങ്ങാപ്പട്ടണത്തെ കുറിച്ചായിരുന്നു. നേരിട്ട് അനുഭവിച്ചതും സാക്ഷ്യം വഹിച്ചതുമായ കാര്യങ്ങളാണ് കഥയിൽ ചേർക്കുക. മുഹമ്മദ് മീരാന്റെ നോവലിൽ ജീവിതത്തിന്റെ എരിവും പുളിയും അനുഭവിക്കാമെന്ന് അദ്ദേഹത്തിന്റെ നോവൽ വായിച്ചാൽ മാത്രമല്ല ജീവിതം കണ്ടാലും മനസിലാക്കാം.

ചാലയിലെ മുളക്, പുളി മൊത്തവ്യാപാരിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ എഴുത്തുകാരെയെല്ലാം നേരിട്ടു പോയി കാണും. വേറെ ഒന്നിനും അല്ല, സാഹിത്യം എങ്ങനെ എഴുതും എന്നറിയാൻ. സ്കൂൾ വിദ്യാഭ്യാസം മലയാളത്തിലായിരുന്നു. നാഗർകോവിലിലെ ഹിന്ദു കോളേജിൽ ചേർന്നു പഠിച്ചപ്പോഴാണ് തമിഴ് സാഹിത്യത്തെ കുറിച്ച് മനസിലാക്കുന്നത്. നടൻ കരമന ജനാർദ്ദനൻ നായർ അക്കാലത്ത് നാഗർകോവിലിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസറായിരുന്നു. കരമനയുമായുള്ള പരിചയമാണ് തലസ്ഥാനത്തെ എഴുത്തുകാരുടെ അടുത്തേക്ക് എത്തിച്ചത്. എഴുത്തുകാരായ കെ.ജി. സേതുനാഥ്, പഴവിള രമേശൻ എന്നിവരെ മീരാന് പരിചയപ്പെടുത്തികൊടുത്തത് കരമനയായിരുന്നു. അക്കാലത്ത് ചാലയിൽ 'സെൽവി സ്റ്റോർ' നടത്തുകയായിരുന്ന തമിഴ് എഴുത്തുകാരൻ ആ.മാധവനുമായുള്ള പരിചയം തമിഴ് എഴുതാനുള്ള കരുത്തായി. ഒപ്പം ധൈര്യം പകരാൻ തമിഴ്, മലയാളം എഴുത്തുകാരൻ നീല പദ്മനാഭനും ഉണ്ടായിരുന്നു.

കരമന ജനാർദ്ദനൻ, കെ.ജി.സേതുനാഥ് എന്നിവർക്കൊപ്പം മുഹമ്മദ് മീരാനെ ചാലയിൽ പോയി കണ്ട കാര്യം ഇപ്പോഴും പഴവിളയ്ക്ക് ഓർമ്മയുണ്ട് ''മുളകിന്റേയും പുളിയുടേയും ഇടയിൽ ഇരിക്കുകയായിരുന്നു മീരാൻ. എഴുത്ത് ആദ്യം കച്ചവടം രണ്ടാമത് അതായിരുന്നു ആ മനുഷ്യൻ.ഭാഷയിൽ അഗാധമായ ജ്ഞാനം ഒന്നും ഇല്ല. എന്നാൽ ഒന്നാംതരം ഭാഷാ സാഹിത്യകാരനായി. ഒന്നര വർഷം മുമ്പ് ആറ്റിങ്ങലിൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെ ചാരുഹാസനൊപ്പം ഞാൻ മുഹമ്മദ് മീരാനെ കണ്ടു. അവസാനമായി സംസാരിച്ചപ്പോൾ കേരളത്തിനേയും തമിഴ്നാടിനേയും ബന്ധപ്പെടുത്തി ഒരു ചരിത്ര നോവൽ എഴുതാൻ പോകുന്നുവെന്നാണ് പറഞ്ഞത്. അത് എഴുതിത്തുടങ്ങിയോ എന്നറിയല്ല.''- പഴവിള രമേശൻ പറഞ്ഞു.

തമിഴ് സാഹിത്യത്തിൽ അതുവരെയുണ്ടായിരുന്ന ഭാഷാ പ്രയോഗ സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചത് തോപ്പിൽ മുഹമ്മദ് മീരാനായിരുന്നുവെന്ന് ആ.മാധവൻ പറഞ്ഞു. കടലോരഗ്രാമത്തിൻ കഥൈ എന്ന ആദ്യ നോവൽ തന്നെ അത് വ്യക്തമാക്കുന്നതായിരുന്നു- അദ്ദേഹം പറഞ്ഞു.