നെയ്റോബി: വഴിനടക്കാനൊരു ഒരുറോഡുവേണമെന്ന് അധികാരികളോട് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരനക്കവുമില്ല. ഒടുവിൽ, റോഡുവെട്ടാൻ തനിയെ തുനിഞ്ഞിറങ്ങി. ആറുദിവസം തുടർച്ചയായി റോഡുവെട്ടി. എന്നിട്ടിതാ, നല്ല അടിപൊളി റോഡ് റെഡി! കെനിയൻ സ്വദേശി നിക്കോളാസ് മുച്ചാമിയാണ് (45) തന്റെ ഗ്രാമമായ കഗണ്ടയിൽ നിന്ന് പ്രദേശത്തെ പ്രധാന ഷോപ്പിംഗ് സെന്ററുമായി ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള റോഡ് നിർമ്മിച്ചത്. പ്രദേശത്ത് റോഡ് ഉണ്ടെങ്കിലും അതിന്റെ സ്ഥിതി പരിതാപകരമായിരുന്നുവെന്നും നാട്ടുകാരുടെ ഏക ആശ്രയമായ ഈ റോഡിന്റെ പുനർനിർമ്മാണത്തിനായി പല തവണ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്നും നിക്കോളാസ്
പറഞ്ഞു. തുടർന്നാണ്, താൻ ജോലി ചെയ്ത് സമ്പാദിച്ച പണമുപയോഗിച്ച് റോഡ് നിർമ്മിക്കാൻ നിക്കോളാസ് തീരുമാനിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് തുടർച്ചയായി റോഡ് നിർമ്മാണത്തിനായി അദ്ദേഹം സമയം മാറ്റി വെച്ചു. തന്റെ ഫാം ഹൗസിലെ ആയുധങ്ങൾ തന്നെയായിരുന്നു റോഡുവെട്ടാനും നിക്കോളാസ് ആയുധമാക്കിയത്. എന്തായാലും ഇപ്പോൾ സുഗമമായി സഞ്ചരിക്കാമല്ലോ എന്ന സന്തോഷത്തിലാണ് നിക്കോളാസിന്റെ നാട്ടുകാർ. മാത്രമല്ല, നാട്ടുകാർക്കിടയിൽ നിക്കോളാസിപ്പോൾ ഹീറോയുമാണ്...