ന്യൂഡൽഹി: 2002 ലെ ഗോദ്ര കലാപത്തിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അന്ന് പുറത്താക്കാൻ വാജ്പേയ് തീരുമാനിച്ചിരുന്നെന്ന് മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ. എന്നാൽ എൽ.കെ അദ്വാനി ഇടപെട്ടാണ് അത് തടഞ്ഞെതെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി. എൽ.കെ അദ്വാനി അപ്പോൾ വാജ്പേയ് മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു.
രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രിയായിരുന്ന മോദിയെ രാജിവയ്പ്പിക്കാൻ വാജ്പേയ് തീരുമാനിച്ചതായിരുന്നു. രാജി വയ്ക്കുന്നില്ലെങ്കിൽ ഗുജറാത്ത് സർക്കാരിനെ തന്നെ പിരിച്ചുവിടണമെന്നും ഗോവയിൽ നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ വാജ്പേയ് പറഞ്ഞിരുന്നു. യശ്വന്ത് സിൻഹ വ്യക്തമാക്കി. എന്നാൽ എൽ.കെ അദ്വാനി തീരുമാനത്തിനെതിരെ തിരിയുകയും ഭീഷണി മുഴക്കിയതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
പാർട്ടി ചർച്ചയിലാണ് അദ്വാനി ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. മോദിയെ പുറത്താക്കിയാൽ കേന്ദ്ര സർക്കാരിൽ നിന്ന് താനും രാജിവയ്ക്കുമെന്ന് അദ്വാനി ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്നാണ് വാജപേയ് തീരുമാനം മാറ്റിയത്. യശ്വന്ത് സിൻഹ പറഞ്ഞു.
ഇതേസമയം മോദിക്കെതിരെ യശ്വന്ത് സിൻഹ സിൻഹ തുറന്നടിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിഷയത്തിൽ മോദി നുണ പറയുകയാണ്, ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഐ.എൻ.എസ് വിരാട് സ്വകാര്യ ടാക്‌സിയാക്കി എന്നുള്ള ആരോപണത്തിലൊന്നും കാര്യമില്ല. മുൻ നേവൽ ഓഫീസർ തന്നെ ഇതിന് വ്യക്തത നൽകിയെന്നും യശ്വന്ത് സിൻഹ കൂട്ടിച്ചേർത്തു.