ഒരു അഡാർ ലൗവ് എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ താരങ്ങളാണ് പ്രിയ വാര്യരും റോഷൻ അബ്ദുൾ റഹൂഫും. ചിത്രത്തിന്റെ ഷൂട്ടിംഗ് മുതൽക്കുതന്നെ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു, റോഷന്റെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് പ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പും ആരാധകർ എടുത്തിരുന്നു.
'എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം എന്നാഗ്രഹിക്കുകയാണ്. അത് വാക്കുകൾക്ക് അതീതമാണെന്ന് നിനക്ക് തന്നെ അറിയാം. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു എന്നായിരുന്നു പ്രിയയുടെ കുറിപ്പിലെ അവസാന വാചകം. കുറിപ്പിന് മറുപടി ഇട്ട ആരാധകർക്ക് അറിയേണ്ടത് റോഷനുമായി പ്രിയ പ്രണയത്തിലാണോ എന്നായിരുന്നു. ഒരു അഭിമുഖത്തിൽ താനും പ്രിയയും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലല്ലെന്നും റോഷൻ മറുപടി നൽകിയിരുന്നു.
പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. അടുത്തിടെ സൂം ടി.വിക്ക് നൽകിയ അഭിമുഖത്തിൽ റോഷനുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയ മറുപടി നൽകി.
ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ അതും ഒരേപ്രായക്കാർക്കൊപ്പം സൗഹൃദത്തിലാകുമ്പോൾ അത്തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഗോസിപ്പുകൾ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസുള്ളൂവെന്ന് പ്രിയ പറഞ്ഞു.