വിശാഖപട്ടണം: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലിൽ വീണ്ടും ചൈന്നെ - മുംബയ് ഫൈനൽ. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്രൽസിനെ 6 വിക്കറ്റിന് കീഴടക്കിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണ കലാശക്കളിക്ക് യോഗ്യത നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നിശ്ചിത ഇരുപതോവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 147റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ചെന്നൈ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓരോവർ ബാക്കിനിൽക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു ( 151/4 ). ഓപ്പൻണർമാരായ ഫാഫ് ഡുപ്ലെസിസും (39 പന്തിൽ 50, 7 ഫോർ, 1 സിക്സ്), ഷേൻ വാട്സണും ( 32 പന്തിൽ 50, 3 ഫോർ, 4സിക്സ്) മികച്ച തുടക്കമാണ് ചെന്നൈക്ക് നൽകിയത്.അമ്പാട്ടി റായ്ഡു 20 പന്തിൽ 3 ഫോറുൾപ്പെടെ 20 റൺസുമായി പുറത്തകാതെ നിന്നു.
നേരത്തേ ടോസ് നേടിയ ചെന്നൈ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണി ഡൽഹിയെ ബാറ്രിംഗിന് അയക്കുകയായിരുന്നു. പ്രധാന ബാറ്റ്സ്മാൻമാർ പലരും നിരാശപ്പെടുത്തിയതിനാൽ ഡൽഹിക്ക് വലിയ ടോട്ടൽ പടുത്തുയർത്താനായില്ല. 25 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 38 റൺസെടുത്ത റിഷഭ് പന്താണ് അവരുടെ ടോപ് സ്കോറർ. കോളിൻ മൂൺറോ 24 പന്തിൽ 4 ഫോറുൾപ്പെടെ 27 റൺസ് നേടി. ഇരുവരുടെയും ചെറുത്ത് നില്പില്ലായിരുന്നെങ്കിൽ ഡൽഹിയുടെ സ്ഥിതി ഇതിലും പരിതാപകരമായേനെ.
ഓപ്പണർമാരായ പ്രിഥ്വി ഷായും (5), ശിഖർ ധവാനും (18) ഡൽഹിക്ക് മികച്ച തുടക്കം നൽകാനായില്ല. ധവാൻ ഒരു വശത്ത് നന്നായി തുടങ്ങിയെങ്കിലും മറുവശത്ത് ഷായ്ക്ക് താളം കണ്ടെത്താനായില്ല. ഷായെ ദീപക്ക് ചഹാർ ടീം സ്കോർ 22ൽ വച്ച് മൂന്നാം ഓവറിലെ മൂന്നാം പന്തിൽ എൽബിയിൽ കുരുക്കുകയായിരുന്നു. അധികം വൈകാതെ ധവാനെ ഹർഭജന്റെ പന്തിൽ ധോണി പിടികൂടി. 14 പന്ത് നേരിട്ട് 3 ഫോറുൾപ്പെട്ടതാണ് ധവാന്റെ ഇന്നിംഗ്സ്. മൂൺറോയെ ജഡേജ ബ്രാവോയുടെ കൈയിൽ എത്തിച്ചു. നായകൻ ശ്രേയസ് അയ്യർ ഇമ്രാൻ താഹിറിന്റെ പന്തിൽ റെയ്നയ്ക്ക് ക്യാച്ച് നൽകി മടങ്ങി. പന്തിനെ ചഹാറാണ് ബ്രാവോയുടെ കൈയിൽ എത്തിച്ചത്. ചെന്നൈക്കായി താഹിർ, ഹർഭജൻ, ജഡേജ, ചഹർ എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.
150 വിക്കറ്ര് ഐ.പി.എല്ലിൽ ഹർഭജൻ സിംഗ് തികച്ചു
ഇന്നലെ ശിഖർ ധവാൻ, ഷെർഫാൻ റുഥർഫോർഡ് എന്നിവരുടെ വിക്കറ്റുകൾ സ്വന്തമാക്കിയാണ് ഹർഭജൻ ഐ.പി.എല്ലിൽ 150 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായത്.
8മത്തെ ഐ.പി.എൽ ഫൈനലിനാണ് ചെന്നൈ നാളെയിറങ്ങുന്നത്.
4-ാം തവണയാണ് ചെന്നൈയും മുംബയും ഫൈനലിൽ മുഖാമുഖം വരുന്നത്
ഫൈനൽ നാളെ