വിശാഖപട്ടണം: ഐ.പി.എല്ലിന്റെ കലാശപ്പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസിനെ ധോണിയുടെ ചെന്നൈ സൂപ്പർകിംഗ്സ് നേരിടും. രണ്ടാംക്വാളിഫൈയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയാമ് ചെന്നൈ ഫൈനലിൽ കടന്നത്. ൽ വിജയലക്ഷ്യമായ 148 റൺസ് നാലുവിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. 19 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്താണ് ചെന്നൈ ഫൈനലിലേക്ക് കടന്നത്. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസ് ഇരുപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്.
അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർമാരാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. ഡുപ്ലെസി 39 പന്തിൽ നിന്നും വാട്‌സൺ 32 പന്തിൽനിന്നും 50 റൺസ് നേടി പുറത്തായി. പതിനെട്ട് പന്തിൽ നിന്ന് 19 റൺസെടുത്ത അമ്പാട്ടി റായിഡുവും ഡ്വെയ്ൻ ബ്രാവോയും ചേർന്നാണ് മത്സരം ഫിനിഷ് ചെയ്തത്. ടോസ് നേടിയ ചെന്നൈ ഡൽഹിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ചെന്നൈയുടെ ബൗളിംഗിന് മുന്നിൽ ഡൽഹി ബാറ്റിംഗ് തകർന്നടിഞ്ഞു. . 25 പന്തിൽ നിന്ന് 38 റൺസെടുത്ത ഋഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്. മൺറോ 24 പന്തിൽ നിന്ന് 27 റൺസെടുത്തു. പൃഥ്വി ഷാ അഞ്ചും ശിഖർ ധവാൻ പതിനെട്ടും ശ്രേയസ് അയ്യർപതിമൂന്നും റൺസെടുത്ത് പുറത്തായി.
ചെന്നൈയ്ക്കുവേണ്ടി ചാഹർ, ഹർഭജൻ സിംഗ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ചെന്നൈയ്ക്ക് ഇത് എട്ടാം ഫൈനലാണ്. 2015ലാണ് ചെന്നൈയും മുംബയ്‌യും ഏറ്റവും അവസാനമായി ഫൈനലിൽ ഏറ്റുമട്ടിയത്. അന്ന് മുംബയ്ക്കായിരുന്നു ജയം. 2013ലും 2010ലും ഇവർ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു.