mamata-banerjee

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയും തൃണമുൽ നേതാവുമായ മമതാ ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബി.ജെ.പി യുവ നേതാവ് അറസ്റ്റിൽ. ഹൗറയിൽ ബി.ജെ.പി യുവമോർച്ചയുടെ കൺവീനറായ പ്രിയങ്ക ശർമ്മയാണ് പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ മമതാ ബാനർജിയുടെ മുഖം മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

പ്രിയങ്കയ്ക്ക് എതിരെ ഹൗറ സൈബർ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും കാട്ടി തൃണമൂൽ കോൺഗ്രസ് നേതാവായ വിഭാസ് ഹസ്രയാണ് പൊലീസിനെ സമീപിച്ചത്.

ലോകത്തിലെ ഫാഷൻ പ്രേമികളുടെ ഇഷ്ട ഉത്സവമായ മെറ്റ് ഗാലയിൽ ഇക്കുറി പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷം ലോക ശ്രദ്ധ നേടിയിരുന്നു. ആ ചിത്രത്തിൽ മമതയുടെ മുഖം ഒട്ടിച്ചാണ് പ്രിയങ്ക മോർഫിംഗ് നടത്തിയത്. മത ബാനർജിയെ പരിഹസിക്കുന്ന തരത്തിലുള്ള കാർട്ടൂണുകളും ട്രോളുകളും മുമ്പും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് ശക്തമായ നടപടിയും മുഖ്യമന്ത്രി എടുത്തിരുന്നു.