modi-

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ ബി.ജെ.പിയുടെ വിജയത്തിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എപ്പോഴും അഹങ്കാരത്തിന്റെ ഭാഷയിലാണ് കോൺഗ്രസ് സംസാരിക്കുന്നത്. സംസാരിക്കുന്നത്. ഇതിന്റെ ഫലമായാണ് 2014ൽ അവർ 44 സീ​റ്റിൽ ഒതുങ്ങിപ്പോയത്. 2019ൽ കഴിഞ്ഞ തവണ നേടിയ 44 സീ​റ്റുപോലും നേടാൻ കോൺഗ്രസിന് കഴിയില്ലെന്നും മോദി അവകാശപ്പെട്ടു.

2014ൽ നേടിയതിനേക്കാൾ കൂടുതൽ സീ​റ്റുകളുമായിട്ടായിരിക്കും ബി.ജെ.പി ഇത്തവണ അധികാരത്തിലെത്തുക. ബി.ജെ.പിയുടെ മാത്രമല്ല, എൻ.ഡി.എ ഘടകക്ഷികളുടെ സീ​റ്റുകളും ഇത്തവണ വർദ്ധിക്കും. നിലവിൽ പാർട്ടിക്ക് സീ​റ്റുകൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽപോലും ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന വ്യക്തികൾക്കും സംവിധാനങ്ങൾക്കും എതിരെ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ കർശനമായ നടപടി എടുക്കും. മണ്ണിലായാലും ആകാശത്തായാലും ബഹിരാകാശത്ത് ആയാലും ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു..


തോൽവി ഭയക്കുന്ന പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ കു​റ്റപ്പെടുത്തുകയാണെന്ന് മോദി ആരോപിച്ചു. വോട്ടെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ പ്രതിപക്ഷം തന്നെയായിരുന്നു ആദ്യം ആക്രമിച്ചത്. എന്നാൽ പരാജയം ഉറപ്പിച്ചതോടെ കമ്മിഷനേയും ഇ.വി.എമ്മിനെയുമെല്ലാം കു​റ്റപ്പെടുത്താൻ തുടങ്ങിയെന്നും മോദി ആരോപിച്ചു. സിഖ് കലാപത്തെക്കുറിച്ച് സാം പിത്രോദ നടത്തിയ പരാമർശത്തെയും നരേന്ദ്ര മോദി നിശിതമായി വിമർശിച്ചു.