തിരുവനന്തപുരം: പൊലീസിനെയും എക്സൈസിനെയും നോക്കുകുത്തികളാക്കി തലസ്ഥാനത്ത് തഴച്ചുവളരുകയാണ് ലഹരിമാഫിയ. ഇന്നലെ പൂന്തുറയിൽ പിടിച്ചത് 325 കിലോഗ്രാം കഞ്ചാവ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും വലയിലാക്കി ലഹരിവ്യാപാരം കൊഴുക്കുന്നു. 'ഓപ്പറേഷൻ ബോൾട്ട് ' എന്ന പ്രത്യേകദൗത്യവുമായി പൊലീസ് രംഗത്തിറങ്ങിയിട്ടും ഗുണ്ടാ- മയക്കുമരുന്ന് മാഫിയയെ ഒതുക്കാനായിട്ടില്ല. ലഹരിവ്യാപാരത്തിന് മെട്രോനഗരമായ കൊച്ചിയെക്കാൾ വലിയ ശൃംഖലയാണ് തലസ്ഥാനത്തുള്ളത്. വല്ലപ്പോഴും വീണുകിട്ടുന്നതോ, ഒറ്റുന്നതോ അല്ലാതെ ലഹരിമാഫിയയുടെ വേരറുക്കാൻ പൊലീസിനും എക്സൈസിനും കഴിയുന്നില്ല. കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് തലസ്ഥാനത്തേക്ക് ഒഴുകുന്നത്. നഗരത്തിലെ ഉൾമേഖലകളിൽ പോലും ഉന്മാദലഹരി സുലഭം.
ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, പെത്തഡിൻ, കൊക്കെയ്ൻ, ഹെറോയിൻ, കെറ്റമീൻ, മയക്കുഗുളികകൾ, ലഹരികഷായങ്ങൾ എന്നിവയെല്ലാം തലസ്ഥാനത്തെവിടെയും ലഭിക്കും. 200 രൂപ മുതലുള്ള ചെറിയ പൊതികളിൽ കഞ്ചാവ് കൊണ്ടുനടന്ന് വിൽക്കുന്നവർ മുതൽ മയക്കുമരുന്ന് വിതരണക്കാർ വരെ നഗരത്തിൽ സജീവമാണ്. നഗരത്തിലെ കാടുപിടിച്ച പ്രദേശങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും തുറസായ സ്ഥലങ്ങളിലും കഞ്ചാവ്, മദ്യം, മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന സ്ഥിരം സംഘങ്ങളുണ്ട്. തിരുനെൽവേലി, തേനി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള മയക്കുമരുന്ന് സപ്ലൈ. ബംഗളൂരുവിൽ നിന്ന് വോൾവോ ബസുകളിലും ട്രെയിനുകളിലുമെത്തിക്കുന്ന കഞ്ചാവ് കഴക്കൂട്ടത്തും ചെറിയ സ്റ്റേഷനുകളിലും ഇറക്കി കോളനികളിലേക്കെത്തിക്കുന്ന രീതിയുമുണ്ട്. അന്യസംസ്ഥാന ബസുകളിലെ യാത്രക്കാരുടെ കൈവശം ചെറുപായ്ക്കറ്റുകളിലായി മയക്കുമരുന്ന് കടത്തുകയാണ് പുതിയ തന്ത്രമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ്സിംഗ് പറഞ്ഞു. 500 രൂപ നൽകി ബാഗേജിനുള്ളിൽ ഇവ നിക്ഷേപിക്കും.വിദ്യാർത്ഥികളെയും കാരിയർമാരായി ഉപയോഗിക്കുന്നു.
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്നുകളും കഞ്ചാവുമെത്തിക്കുന്ന വൻശൃംഖലയുണ്ട് നഗരത്തിൽ. ചെറിയ പൊതികളിൽ കഞ്ചാവ് കൊണ്ടുനടന്ന് വിറ്റിരുന്നവർ പോലും ഇപ്പോൾ വിൽക്കുന്നത് മയക്കുമരുന്നുകളാണ്. 100 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്ന് യുവാക്കളെ അടുത്തിടെ ജനറൽ ആശുപത്രിക്കടുത്ത് നിന്ന് പിടികൂടിയിരുന്നു. ഇതിന് മൂന്നുലക്ഷം വിലവരും. ഇതിന്റെ നാലിരട്ടിക്കാണ് വില്പന. മാലെദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 60 ലക്ഷം വിലയുള്ള ഹാഷിഷ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് കഴിഞ്ഞ ജൂലായിലാണ്. മയക്കുമരുന്നുമായി തലസ്ഥാനത്ത് പിടിയിലായവരിലേറെയും യുവാക്കളാണ്. മുൻപ് പൊലീസ് ആസ്ഥാനത്തിനടുത്ത് ശാസ്തമംഗലത്ത് വാടകവീട്ടിൽ കൊലക്കേസ് പ്രതി മയക്കുമരുന്ന് വ്യാപാരം നടത്തിയിട്ടും പൊലീസിന് കണ്ടെത്താനായിരുന്നില്ല. പൂന്തുറ, ശംഖുംമുഖം, ചാക്ക, കരിക്കകം, വെമ്പായം, കന്യാകുളങ്ങര, തൈക്കാട്, പോത്തൻകോട്, കല്ലറ, അമ്പലംമുക്ക്, മെഡിക്കൽകോളേജ്, വിമാനത്താവള പരിസരം എന്നിവയാണ് നഗരത്തിലെ ലഹരിസ്പോട്ടുകളായി പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
വ്യക്തിവൈരാഗ്യങ്ങളും ബിസിനസ് വൈരങ്ങളും തുടങ്ങി കുടിപ്പകയും രാഷ്ട്രീയ വിദ്വേഷങ്ങളും വരെ തീർക്കാൻ ഗുണ്ടാസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ലഹരിക്കച്ചവടവും വർദ്ധിച്ചത്. അമിതമായി പലതരം ലഹരിവസ്തുക്കൾ നൽകി ചെറുപ്പക്കാരെ ചെകുത്താന്മാരാക്കിയാണ് അരുംകൊലകൾ ചെയ്യാൻ തള്ളിവിടുന്നത്. കോവളത്ത് വിദേശവനിതയുടെ കൊലപാതകത്തിലടക്കം തലസ്ഥാനത്ത് അടുത്തിടെയുണ്ടായ അരുംകൊലകളിലെല്ലാം മയക്കുമരുന്ന് മാഫിയയുടെ കരങ്ങളുണ്ടായിരുന്നു. നിരവധി ഗുരുതര കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിക്ക് അടിമകളായ കുട്ടികളുമുണ്ട്. സ്കൂൾ കുട്ടികളെ ഉപയോഗിച്ച് കഞ്ചാവും മയക്കുമരുന്നുകളും കൈമാറ്റവും വില്പനയും നടത്തുന്നത് തലസ്ഥാനത്ത് പതിവായിട്ടുണ്ട്. ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിദ്യാർത്ഥിനികളടക്കം പങ്കെടുക്കുന്ന ലഹരിപാർട്ടികൾ സജീവം.
അതിർത്തി കടന്ന് തിരുവനന്തപുരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ട്. ലഹരിയൊഴുക്ക് തടയാൻ തമിഴ്നാട് പൊലീസുമായി ചേർന്ന് ശ്രമം നടത്തുന്നു. സ്കൂൾ, കോളേജ് പരിസരത്ത് വൈകുന്നേരങ്ങളിൽ സ്പെഷ്യൽ സ്ക്വാഡുകളുടെ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. അമരവിള അടക്കമുള്ള ചെക്ക്പോസ്റ്റുകളിലും പരിശോധന കർശനമാക്കും.''- ഋഷിരാജ്സിംഗ് (എക്സൈസ് കമ്മിഷണർ)