തിരുവനന്തപുരം:" ടി.വിയിലൂടെ കാണുന്നതിലും നല്ലതാണ് ചുവരിലുള്ള സിനിമ കാണൽ. കുതിരയും ആളുകളുമൊക്കെ സിനിമയിൽ നിന്ന് ഇറങ്ങി വരുമ്പോലെ തോന്നും. അടിപൊളി സെറ്റപ്പാണ് സിനിമ തിയേറ്റർ." തന്റെ ഏഴ് വയസിനിടെ ആദ്യമായി സിനിമ കണ്ടതിന്റെ അനുഭവം പങ്ക് വയ്ക്കുകയാണ് ഗോകുൽദേവ്. കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയും ഒപ്പം തലസ്ഥാന നഗരവും കാണാൻ കൊല്ലം കൊച്ചരിപ്പ ആദിവാസി കോളനിയിൽ നിന്ന് എത്തിയ മുപ്പത്തിയൊന്ന് പേരിൽ സിനിമ തിയേറ്റർ കാണാത്തവരായി നാല് പേരുണ്ടെന്നത് അതിസാങ്കേതികയുടെ ലോകത്ത് കുതിച്ച് പായുന്ന കേരളത്തെ പോലൊരു സംസ്ഥാനത്ത് അദ്ഭുതമാണെന്ന് പറയാതെ വയ്യ. കൊല്ലം ഇടപ്പണ, അരിപ്പ, കൊച്ചരിപ്പ എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഗോകുൽ, ആദിത്യൻ, സജു, നന്ദു എന്നിങ്ങനെ നാല് പേരാണ് ചലച്ചിത്രമേളയിലൂടെ ആദ്യമായി തിയേറ്റിൽ സിനിമ കണ്ടത്. 'എ ഹോഴ്സ് ഓൺ ദ ബാൽക്കണി 'എന്ന ഓസ്ട്രിയൻ സിനിമയാണ് കുട്ടികൾ കണ്ടത്. "തിയേറ്ററിൽ സിനിമ കാണാൻ കടയ്ക്കൽ വരെ പോകണം. അതിന് പാങ്ങില്ല. അതുകൊണ്ട് തത്കാലം ടി.വിയിലെ സിനിമകാണലൊക്കെ മതിയെന്ന് അച്ഛൻ പറഞ്ഞു.
" എന്താ തിയേറ്ററിൽ പോയി സിനിമ കാണാത്തതെന്നുള്ള ചോദ്യത്തിന് നിഷ്കളങ്കമായുള്ള സജുവിന്റെ ഉത്തരമാണിത്.
ആദിവാസികളും ഭിന്നശേഷിക്കാരുമടക്കം പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളെ മുഖ്യധാരയിലെത്തിച്ച് സിനിമ പോലുള്ള വിനോദങ്ങളുടെ ഭാഗമാക്കാനുള്ള ശിശുക്ഷേമ സമിതിയുടെ കരുത്തിന് കൈയടി കൊടുക്കാതെയാകില്ല. കാരണം കുട്ടികൾക്ക് പുതിയൊരു ലോകം തന്നെ ഈ മുൻകൈയെടുക്കലിലൂടെ ശിശുക്ഷേമ സമിതി അധികൃതർ നൽകി. ജില്ലാ ശിശുക്ഷേമ സമിതികളുമായി ബന്ധപ്പെട്ട് 14 ജില്ലകളിൽ നിന്നും സാമുദായികമായും സാമ്പത്തികമായും ആരോഗ്യപരമായും പിന്നാക്കം നിൽക്കുന്ന കുട്ടികളെ അധികൃതർ തലസ്ഥാനത്തെത്തിച്ച്
സൗജന്യമായി ചലച്ചിത്രമേളയുടെ ഭാഗമാക്കുന്നുണ്ട്.
ഏകദേശം അയ്യായിരത്തോളം കുട്ടികളാണ് 10 മുതൽ 16 വരെ ഇത്തരത്തിൽ മേളയുടെ ഭാഗമാകുന്നത്. ഇവർക്ക് വേണ്ട ഭക്ഷണം സംഗീതകോളേജിലാണ് ഒരുക്കിയിരിക്കുന്നത്.
അദ്ധ്യാപക ഭവൻ, എൽ.എൻ.സി.പി.ഇ, നഗരത്തിലെ സ്കൂളുകൾ തുടങ്ങി ഇരുപതോളം സ്ഥലങ്ങളിൽ താമസമൊരുക്കുന്നുണ്ട്.