തിരുവനന്തപുരം: എല്ലാ കാലത്തും യുദ്ധത്തിന്റെ ഇരകൾ സ്ത്രീകളും നിഷ്കളങ്കരായ കുട്ടികളുമാണ്. സാമൂഹികപാഠത്തിൽ ഈ യുദ്ധകഥ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അത് നേരിട്ട് അഭ്രപാളിയിലൂടെ മുന്നിലെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ കുട്ടി ആസ്വാദകരുടെ കണ്ണ് നിറയിച്ചു. ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് പ്രദർശിപ്പിച്ച ജാപ്പനീസ് അനിമെ സിനിമ ഗ്രേവ് ഒഫ് ദ ഫയർഫ്ലൈസാണ് കുട്ടികൾക്ക് ഒരേസമയം നവ്യാനുഭവവും വേദനയുമായി മാറിയത്. ജപ്പാനിലെ കൊബെയിലാണ് കഥ നടക്കുന്നത്. സിനിമ തുടങ്ങുന്നത് 1945ൽ കൊബെ റെയിൽവേ സ്റ്റേഷനിൽ സേറ്റ എന്ന ചെറുപ്പക്കാരൻ വിശന്ന് മരിക്കുന്നിടത്ത് നിന്നാണ്. രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ അവസാന മാസങ്ങളിൽ അതിജീവനത്തിനായി പൊരുതുന്ന സേത്ത, സെറ്റ്സുക്കോ എന്നീ രണ്ട് സഹോദരരുടെ കഥയാണ് ഗ്രേവ് ഒഫ് ദ ഫയർ ഫ്ലൈസ് മുന്നോട്ട് വയ്ക്കുന്നത്.
യുദ്ധകാലത്ത് സേത്തയുടെയും സഹോദരി കുഞ്ഞ് സെറ്റ്സുക്കോയുടെയും വീട് നശിക്കുന്നു. മാതാവ് കൊല്ലപ്പെടുന്നു. നേവി ഉദ്യോഗസ്ഥനായ അച്ഛനും അകാലത്തിൽ മരണമടയുന്നു. ഇതോടെ കുട്ടികൾ തെരുവിലാക്കപ്പെടുന്നു. ആദ്യം ബന്ധുവീട്ടിൽ അഭയം നേടിയെങ്കിലും ബന്ധുക്കൾക്ക് തങ്ങൾ ഭാരമാണെന്ന് അറിയുന്നതോടെ കുട്ടികൾ വീട് വിട്ടിറങ്ങി കാടിനോട് ചേർന്ന പുഴക്കരയിലെ ഇടിഞ്ഞ വീട്ടിൽ താമസിക്കുന്നു. പട്ടിണി മറികടക്കാൻ മോഷണം വരെ ചെയ്യുന്ന കുട്ടികൾ, അവസാനം അതിജീവനത്തിനായി പൊരുതിയെങ്കിലും പരാജയപ്പെട്ട് പട്ടിണി മൂലം വ്യത്യസ്ത സാഹചര്യങ്ങളിൽ മരിക്കുന്നിടത്താണ് സിനിമാ ആസ്വാദകരെ കണ്ണീരിലാഴ്ത്തി സിനിമ അവസാനിക്കുന്നത്.
യുദ്ധത്തിന്റെ അനന്തരഫലങ്ങൾ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ സിനിമ അതുപോലെ വരച്ച് കാട്ടുന്നുണ്ട്. 1988ലാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും മേളയ്ക്കെത്തിയ പല കുട്ടികളും ആദ്യമായാണ് സിനിമ കണ്ടതെന്ന് കുട്ടികൾ പറഞ്ഞു. യുദ്ധം ഇത്രത്തോളം തങ്ങളെ ബാധിക്കുമെന്നത് വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കണ്ടറിഞ്ഞപ്പോൾ അതിന്റെ തീവ്രത താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.