തിരുവനന്തപുരം: മൂകാഭിനയത്തിന്റെ ദൃശ്യവിരുന്നൊരുക്കി ദേശീയ മൈം ഫെസ്റ്റിവൽ തൈക്കാട് ഭാരത് ഭവനിൽ ആരംഭിച്ചു. യുവജനക്ഷേമ വകുപ്പിന്റെയും തൈക്കാട് ഭാരത് ഭവന്റെയും ദ മൈമേഴ്സ് ട്രിവാൻഡ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ദേശീയ മൈം ഫെസ്റ്റിവൽ നടക്കുന്നത്. 'എക്കോസ് ഒഫ് സൈലൻസ് ' എന്ന് പേരിട്ടിരിക്കുന്ന ഫെസ്റ്റിവലിൽ പശ്ചിമബംഗാൾ, രാജസ്ഥാൻ, മണിപ്പൂർ, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള 50ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.
11, 12 തീയതികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ മൂകാഭിനയ ശില്പശാലയും എല്ലാ ദിവസവും വൈകിട്ട് 6 മുതൽ കാമ്പസ് മൈം, സോളോ മൈം, തുടർന്ന് ഒന്നരമണിക്കൂറോളം ദൈർഘ്യമുള്ള പ്രകാശ-താള വിന്യാസങ്ങളോടു കൂടിയ മൂകാഭിനയ അവതരണവും ഉണ്ടായിരിക്കും. ഇന്നലെ വൈകിട്ട് മന്ത്രി എ.കെ. ബാലൻ ദേശീയ മൈം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കല്പതാരു ഗുഹയുടെ ഏകാംഗ മൂകാഭിനയവും തുടർന്ന് നിരഞ്ജൻ ഗോസ്വാമിയുടെ 'അംബ്രല്ല'യും അരങ്ങേറി.
ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂകാഭിനയ സംഘങ്ങൾ പങ്കെടുക്കുന്ന മൈം ഫെസ്റ്റിവൽ അരങ്ങേറുന്നത്. 16 നും 40 വയസിനും ഇടയിലുള്ള യുവതി- യുവാക്കളുടെ അഭിരുചിയും മുൻപരിചയവും മുൻനിറുത്തിയാണ് ശില്പശാലയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുക. ഇന്ന് രാവിലെ 9.30 മുതൽ നാഷണൽ മൈം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നിരഞ്ജൻ ഗോസ്വാമി, വൈ. സദാനന്ദ സിംഗ് എന്നിവർ 'മൈം ആൻഡ് ബോഡി ലാംഗ്വേജ് ' എന്ന വിഷയത്തിലും പീശപ്പിള്ളി രാജീവൻ 'കഥകളി' എന്ന വിഷയത്തിലും ക്ലാസുകൾ നയിക്കും.
നാളെ രാവിലെ 9.30 മുതൽ വിലാൻസ് ജാൻവെ, ശ്രീകുമാർ എന്നിവർ 'നോൺ വെർബൽ ആക്ട് ' എന്ന വിഷയത്തിലും, ഗൗതം 'കളരി' എന്ന വിഷയത്തിലും, പ്രമോദ് പയ്യന്നൂർ 'തിയേറ്റർ ആൻഡ് വിഷ്വൽ മീഡിയ' എന്ന വിഷയത്തിലും ക്ലാസുകൾ നയിക്കും. നെടുമുടി വേണു, റാണി ജോർജ്, മനോഹർ കേഷ്കർ, റോബിൻ സേവ്യർ, അബ്രദിതാ ബാനർജി, അലിയാർ തുടങ്ങിയവർ ഫെസ്റ്റിവലിൽ പങ്കെടുക്കും. ശില്പശാലയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ 0471-2321747, 9995484148 എന്ന ഫോൺ നമ്പരുകളിലോ ബന്ധപ്പെടേണ്ടതാണ്. മൈം പ്രദർശനങ്ങൾ സൗജന്യമായിരിക്കും.
ഫെസ്റ്റിവലിൽ ഇന്ന്
ഫെസ്റ്റിവലിൽ നാളെ