തിരുവനന്തപുരം: കുഞ്ഞുകണ്ണുകൾ വലിയ സ്ക്രീനിലേക്കു തുറന്നു പിടിച്ചിരിക്കാൻ നാടിന്റെ നാലുപാടു നിന്നും കൊച്ചുകൂട്ടുകാരെത്തി. അവരെ കൗതുകത്തിന്റെ, പുത്തൻ അറിവുകളുടെ, പുതിയ സാമൂഹ്യ ബോധത്തിന്റെ തീരങ്ങളിലേക്ക് അടുപ്പിക്കുവാൻ ഇരുനൂറോളം ചിത്രങ്ങൾ. ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലെ രണ്ടാമത് അന്താരാഷ്ട്ര ബാല ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞതു തന്നെ ഏറെ കൗതുകക്കാഴ്ചകളൊരുക്കിയാണ്.
കുട്ടിക്കാലത്തൊരു സിനിമ കാണാൻ അച്ഛനമ്മമാരുടെ കാലു പിടിച്ചിരുന്നവർ. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കു പോയ ശേഷം മഹാഅപരാധം ചെയ്ത മട്ടിൽ വീട്ടിൽ ചെന്നു കയറിയവർ...ഇങ്ങനെയൊക്കെ ഭൂതകാലമുള്ളൊരു തലമുറ സംഘാടകരുടെ വേഷത്തിലെത്തുന്ന മേള. ഡെലിഗേറ്റുകളായി എത്തുന്ന കുട്ടികൾ വെക്കേഷൻ കാലത്ത് ഒന്നിനു പിറകെ പടം കാണാൻ വീട്ടുകാർ തന്നെ തിയേറ്ററുകളിൽ എത്തിച്ചതാണ്.
കുട്ടികളാകട്ടെ കിട്ടിയ അവസരം അടിച്ചുപൊളിക്കുകയാണ്. ഉദ്ഘാടന ചടങ്ങിന് ഓരോ വിശിഷ്ടാതിഥികൾ എത്തിയപ്പോഴും ആരവത്തോടെ വരവേറ്റു. ചലച്ചിത്ര താരം ഐശ്വര്യ ലക്ഷ്മി ഉദ്ഘാടന ചടങ്ങ് നടന്ന ടാഗോർ തിയേറ്ററിൽ എത്തിയപ്പോൾ പിറകെ നിന്നും കുട്ടികളുടെ വിളി ഐശ്വര്യ ചേച്ചി ഇങ്ങ് വായോ.... ഐശ്വര്യ അങ്ങോട്ടു പോയി. പിള്ളാരാകെ ബഹളം. നീരജ് മാധവ് എത്തിയപ്പോഴും കുട്ടികൾ കൈയടിച്ചും കൂക്കിവിളിച്ചും സന്തോഷം കാണിച്ചു.
ചടങ്ങുകൾ തുടങ്ങുന്നതിനു മുന്നോടിയായി വൈദ്യുതി തടസം ഉണ്ടായി. അപ്പോൾ കുട്ടികൾ തനി സിനിമാ പ്രേക്ഷകരായി ഒന്നാം തരം കൂവൽ! തീം സോംഗ് തന്നെ കുട്ടികളുടെ സിനിമാ പ്രേമത്തെ കുറിച്ചായിരുന്നു. ശേഷം സിഗ്നേച്ചർ ഫിലിം. പ്രളയത്തിന്റെ വായിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച് ചെറുതോണി പാലത്തിലൂടെ ഓടുന്ന ദൃശ്യത്തിനൊടുവിൽ ആ കുഞ്ഞിന്റെ പുഞ്ചിരി കൂടി കാട്ടിക്കൊടുത്തു.
പിന്നെ സ്ക്രീൻ ഉയർന്നു. വേദി തെളിഞ്ഞു. മുള കൊണ്ട് നിർമ്മിച്ച ഐ.സി.എഫ്.എഫ്.കെയുടെ പുറത്ത് ഏഴു ദീപങ്ങൾ. മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, മുകേഷ് എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, സംവിധായകൻ ടി.കെ. രാജീവ്കുമാർ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്, കുട്ടികളുടെ പ്രധാനമന്ത്രി ദേവകി .ഡി.എസ്, മികച്ച ബാലനടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ അഭിനി ആദി, അഭിനേതാക്കളായ സുധീർ കരമന, നീരജ് മാധവ്, ഐശ്വര്യലക്ഷ്മി തുടങ്ങിയവർ ചേർന്ന് തിരി തെളിച്ചു. 16ന് ചലച്ചിത്രമേള സമാപിക്കും.
മേള ഒറ്റ നോട്ടത്തിൽ