ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അൻവർ റഷീദിന്റെ ട്രാൻസ് പൂർത്തിയായ ശേഷം ഫഹദ് അഭിനയിക്കുന്നത് മഹേഷ് നാരായണന്റെ ചിത്രത്തിലായിരിക്കും. മഹേഷ് നാരായണൻ തന്നെയാണ് രചയിതാവ്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.ടേക്ക് ഒാഫ് നിർമ്മിച്ചതും ആന്റോ ജോസഫായിരുന്നു.
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം എന്ന സിനിമയിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്.
മസൂറി, ഡൽഹി എന്നിവിടങ്ങളിലായാണ് വർത്തമാനത്തിന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്. അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
അമൽ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്ന ട്രാൻസിന്റെ രണ്ടാഴ്ചത്തെ ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്. ആംസ്റ്റർഡാമിലും ട്രാൻസിന്റെ നിർണായക രംഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്. നസ്രിയയാണ് ട്രാൻസിൽ ഫഹദിന്റെ നായികയാകുന്നത്. വിവാഹശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയാണ് ട്രാൻസിനുള്ളത്.
ഒാണത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.