തൃശൂർ: ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂർണആരോഗ്യവാനാണെന്ന് പരിശോധനാ റിപ്പോർട്ട്. ജില്ലാ കളക്‌ടർ ടി.വി അനുപമ നിയോഗിച്ച മൂന്നംഗ മെഡിക്കൽ സംഘത്തിന്റെതാണ് റിപ്പോർട്ട്. ആന പൂർണ ആരോഗ്യവാനാണെന്നും, മദപ്പാടിന്റെ ലക്ഷണങ്ങളോ മറ്റ് മുറിവുകളോ രാമചന്ദ്രന്റെ ശരീരത്തിൽ ഇല്ലെന്നും ഡോക്‌ടർമാരുടെ റിപ്പോർട്ടിൽ പറയന്നു.
മൂന്ന് കാര്യങ്ങളാണ് മെഡിക്കൽ സംഘം പരിശോധിച്ചത്. ആനയ്‌ക്ക് മദപ്പാടുണ്ടോ, ശരീരത്തിൽ മുറിവുകളുണ്ടോ, അനുസരണക്കേട് കാട്ടുന്നുണ്ടോ എന്നിങ്ങനെ മൂന്നു കാര്യങ്ങൾ. അനുസരണ കാട്ടുന്നുണ്ടോ എന്ന് അറിയാനാണ് അതിരാവിനെ തന്നെ മെഡിക്കൽ സംഘം പരിശോധനയ്‌ക്ക് എത്തിയത്. കാരണം രാവിലെയാണ് ാനയെ കുളിപ്പിക്കുന്നത്. ഈ നേരമായിരിക്കും ആനകൾ അനുസരണാ ശീലങ്ങൾ കാണിക്കുക. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂർ നീണ്ടുനിന്നു.
മെഡിക്കൽ സംഘം ഉടൻ തന്നെ റിപ്പോർട്ട് കളക്‌ടർക്ക് സമർപ്പിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ നെയ്‌തലക്കാവ് ഭഗവതിയെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും
രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിക്ക് ഇതിൽ തീരുമാനമെടുക്കാമെന്നാണ് കോടതി നിർദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താൻ തീരുമാനമെടുത്തത്.