ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും നടത്തിയ വിവാദ പരാമർശങ്ങളിൽ നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷൻ വിവേചനം കാണിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആദിവാസികൾക്ക് നേരെ വെടിയുതിർക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നു എന്ന പ്രസ്താവന ചട്ടലംഘനമല്ലെന്നും സർക്കാരിന്റെ രാഷ്ട്രീയ നയത്തെയാണ് അതിലൂടെ വിമർശിച്ചതെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ മറുപടിയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ കോൺഗ്രസിനോട് വിവേചനം കാണിക്കരുത്. തുറന്നു സംസാരിക്കാനും സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാനുള്ള അവകാശം കമ്മിഷൻ വിലക്കരുത്. അമിത് ഷായും നരേന്ദ്ര മോദിയും നടത്തുന്ന ചട്ടലംഘനങ്ങൾക്കെതിരെ കമ്മിഷൻ കണ്ണടയ്ക്കുകയാണ്. ഇത്തരത്തിലുള്ള വിവേചനം ഉണ്ടാവരുതെന്നും രാഹുൽ ഗാന്ധി നൽകിയ പതിനൊന്നു പേജുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നൽകിയ ഒൻപത് പരാതികളിലും അമിത് ഷായ്ക്കെതിരെ നൽകിയ പരാതികളിലും തിരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീൻ ചിറ്റ് നൽകിയതും രാഹുൽ സൂചിപ്പിച്ചിട്ടുണ്ട്.
മദ്ധ്യപ്രദേശിലെ ഷാഹ്ദോളിൽ ഏപ്രിൽ 23നായിരുന്നു രാഹുൽ ആദിവാസികളുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. ഇത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് രാഹുലിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകിയിരുന്നു. 48 മണിക്കൂറിനകം വിശദീകരണം നൽകാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടത്.