തൃശൂർ: അനിശ്ചിതത്വങ്ങൾകെകാടുവിൽ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. തൃശൂർപൂര വിളംബര ദിനത്തിൽ ഉപാധികളോടെയാണ് രാമചന്ദ്രന്റെ എഴുന്നള്ളത്തിന് ജില്ലാ കളക്‌ടർ അനുമതി നൽകിയിരിക്കുന്നത്. ആനയുടെ സമീപത്ത് നിൽക്കാൻ പൊതുജനങ്ങളെ അനുവദിക്കില്ല, 10 മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് വേണം, നാല് പാപ്പാന്മാർ ആനയുടെ കൂടെ വേണം എന്നീ ഉപാധികളാണ് വച്ചിരിക്കുന്നത്. നാളെ രാവിലെ 9.30 മുതൽ 10.30 വരെ കൊമ്പനെ എഴുന്നള്ളിക്കാം.
ഇന്ന് രാവിലെ മൂന്നംഗ മെഡിക്കൽ സംഘം രാമചന്ദ്രനെ പരിശോധിച്ചിരുന്നു. ആന പൂർണ ആരോഗ്യവാനാണെന്ന് സംഘം കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
മൂന്ന് കാര്യങ്ങളാണ് മെഡിക്കൽ സംഘം പരിശോധിച്ചത്. ആനയ്ക്ക് മദപ്പാടുണ്ടോ, ശരീരത്തിൽ മുറിവുകളുണ്ടോ, അനുസരണക്കേട് കാട്ടുന്നുണ്ടോ എന്നിങ്ങനെ മൂന്നു കാര്യങ്ങൾ. അനുസരണ കാട്ടുന്നുണ്ടോ എന്ന് അറിയാനാണ് അതിരാവിനെ തന്നെ മെഡിക്കൽ സംഘം പരിശോധനയ്ക്ക് എത്തിയത്. കാരണം രാവിലെയാണ് ആനയെ കുളിപ്പിക്കുന്നത്. ഈ നേരമായിരിക്കും ആനകൾ അനുസരണാ ശീലങ്ങൾ കാണിക്കുക. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂർ നീണ്ടിരുന്നു.
രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിക്ക് ഇതിൽ തീരുമാനമെടുക്കാമെന്നാണ് കോടതി നിർദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താൻ തീരുമാനമെടുത്തത്.