g-sudhakaran

തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ കേരളത്തെ ഒന്നാം മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയും കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിറുത്താൻ ആവശ്യപ്പെട്ടും ദേശീയപാത അതോറിട്ടി ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കേന്ദ്രം പുറപ്പെടുവിച്ച ഭേദഗതി തികച്ചും അവ്യക്തമാണ്. ഇതേതുടർന്ന് ദേശീയപാത അതോറിറ്റി ചെയർമാനും കേന്ദ്ര മന്ത്രി നിതിൻ ഗ്ഡകരിക്കും കത്തയച്ചിട്ടുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി.

മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിനെതിരെ കേരളം രൂക്ഷമായി പ്രതികരിക്കുകയും മുഖ്യമന്ത്രി ബി.ജെ.പിയെ പ്രതിക്കൂട്ടിൽ നിറുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇടപെട്ട് നേരത്തെ തീരുമാനം തിരുത്തിയത്. കേരളത്തെ മുൻഗണനാപട്ടികയിൽ തന്നെ നിലനിറുത്തുമെന്നും പുതിയ ഉത്തരവ് ഉടനിറങ്ങുമെന്നും ഗഡ്കരി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിവേദനം നൽകിയതിനാലാണ് നിതിൻ ഗഡ്കരി വിഷയത്തിൽ ഇടപെട്ടത്. അതേസമയം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു.

വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ദേശീയപാത 66 വികസനം 2021നകം പൂർത്തിയാക്കാൻ ഭൂമിയേറ്റെടുക്കലുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് കേരളത്തെ മുൻഗണനാപട്ടികയിൽ നിന്ന് മാറ്റിയത്. ഇതോടെ രണ്ട് വർഷത്തേക്ക് നടപടികൾ നിലയ്ക്കുമെന്ന ആശങ്ക ശക്തമായിരുന്നു.