ഉന: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തകരാർ സംഭവിച്ച ഹെലികോപ്ടർ നന്നാക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളാണ് കഴിഞ്ഞദിവസത്തെ ''പിക് ഒഫ് സോഷ്യൽമീഡിയ". ഹിമാചൽപ്രദേശിലെ ഉനയിൽവച്ചാണ് രാഹുൽ സഞ്ചരിച്ച ഹെലികോപ്ടറിന് സാങ്കേതിക തകരാർ സംഭവിച്ചത്. പ്രശ്നം പരിഹരിക്കാൻ മറ്റ് വിദഗ്ദർ എത്തിയെങ്കിലും അവർക്കൊപ്പം രാഹുലും പണികളിലേർപ്പെടുകയായിരുന്നു. '' ഉനയിൽവച്ച് ഹെലികോപ്ടറിന് തകരാറുണ്ടായി. എല്ലാവരും ഒന്നിച്ചുനിന്ന് അക്കാര്യം പെട്ടെന്ന് പരിഹരിച്ചു. നല്ല ടീംവർക്കാണ് പെട്ടെന്ന് പ്രശ്നപരിഹാരത്തിന് സഹായിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം രാഹുൽ കുറിച്ചു. വലിയ പ്രതികരണങ്ങളാണ് രാഹുലിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടമായ മേയ് 19നാണ് ഹിമാചലിൽ വോട്ടെടുപ്പ്.