അരിസോണ: അമേരിക്കൻ വ്യോമസേനയുടെ അഭിമാനമായ അപ്പാഷെ ഗാർഡിയൻ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയ്‌ക്കു സ്വന്തമാകുന്നു. അമേരിക്കൻ ആയുധ കമ്പനിയായ ബോയിംഗിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 22 അപ്പാഷെ കോപ്റ്ററുകളിൽ ആദ്യത്തേത് ഇന്നലെ ഔപചാരികമായി കൈമാറി. അരിസോണയിലെ ബോയിംഗ് കേന്ദ്രത്തിൽ വച്ച് ഹെലികോപ്റ്റർ വ്യോമസേനാ സംഘം ഏറ്റുവാങ്ങി. എയർ മാർഷൽ എ.എസ് ബുടോളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോപ്‌റ്റർ ഏറ്റുവാങ്ങാനായി അരിസോണയിൽ എത്തിയത്. ചടങ്ങിൽ അമേരിക്കൻ പ്രതിനിധികളും പങ്കെടുത്തു.
ആദ്യ ബാച്ച് കോപ്റ്ററുകൾ ജൂലായിൽ കപ്പൽമാർഗം ഇന്ത്യയിൽ എത്തും.
അപ്പാഷെ ഹെലികോപ്റ്റർ കൈകാര്യം ചെയ്യാൻ ഇന്ത്യൻ
വ്യോമസേനയുടെ എയർ, ഗ്രൗണ്ട് ക്രൂവിന് അലബാമയിലെ ഫോർട്ട് റക്കർ താവളത്തിൽ അമേരിക്കൻ സൈന്യം പരിശീലനം നൽകിയിട്ടുണ്ട്. ഇവരാകും വ്യോമസേനയുടെ അപ്പാഷെ വിഭാഗം കൈകാര്യം ചെയ്യുക.
വ്യോമസേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. 2015 സെപ്തംബറിലാണ് ഇതിനുള്ള കരാർ ബോയിംഗുമായി ഒപ്പിട്ടത്. കൂടാതെ ആയുധങ്ങൾ സഹിതം ആറ് അപ്പാഷെ കോപ്റ്ററുകൾ കൂടി വാങ്ങാൻ 2017ൽ അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ സൈനികരെയും ആയുധങ്ങളും ഇന്ധനവും അതിവേഗം യുദ്ധമുഖത്ത് എത്തിക്കാൻ ശേഷിയുള്ള ചിനൂക് ഹെലികോപ്റ്ററുകൾ വ്യോമസേന ബോയിംഗിൽ നിന്ന് നേരത്തേ വാങ്ങിയിരുന്നു.
അപ്പാഷെ
മുഴുവൻ പേര് അപ്പാഷെ ഗാർഡിയൻ എ.എച്ച്-64 E(1)
രണ്ട് പൈലറ്റുമാർ
ഇന്ത്യയുടെ ആവശ്യങ്ങൾക്കായി പരിഷ്‌കരിച്ചു
ഏത് കാലാവസ്ഥയിലും യുദ്ധസജ്ജം
ആകാശത്തും കരയിലും ആക്രമിക്കാം
ദുർഘടമായ പർവത പ്രദേശങ്ങളിൽ കൃത്യമായ ആക്രമണം
പ്രയോഗിക്കുന്ന ആയുധങ്ങളുമായി ഡാറ്റാ നെറ്റ്‌വർക്ക്
പ്രയോഗിക്കുന്ന ആയുധങ്ങൾ പകർത്തുന്ന യുദ്ധമുഖത്തിന്റെ ചിത്രങ്ങൾ സ്വീകരിച്ച് ഭൂമിയിലേക്ക് അയയ്‌ക്കും
കരസേനയുടെ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരും