ചെന്നൈ: പ്രമുഖ മാദ്ധ്യമ പ്രവർത്തകയും ചെന്നൈ ഏഷ്യൻ കോളേജ് ഒഫ് ജേർണലിസം അദ്ധ്യാപികയുമായ ബിന്ദു ഭാസ്കർ ബാലാജി (55) നിര്യാതയായി. ഡോ.കെ.എസ്. ബാലാജിയുടെ ഭാര്യയും പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബി.ആർ.പി. ഭാസ്കറിന്റെയും രമാ ഭാസ്കറിന്റെയും മകളുമാണ്. സാവേരി ബാലാജി മകളാണ്.
സംസ്കാരം ചെന്നൈ ബസന്ത് നഗർ ഇലക്ട്രിക് ശ്മശാനത്തിൽ നടന്നു. ഒരു വർഷത്തിലധികമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ ടൈംസ് റിസർച്ച് ഫൗണ്ടേഷൻസ് സ്കൂൾ ഒഫ് ജേർണലിസത്തിൽ പഠിച്ച ബിന്ദുഭാസ്കർ ന്യൂയോർക്കിലെ ഇന്ത്യാ എബ്രോഡ് വീക്കിലിയിലാണ് ഇന്റേൺഷിപ്പ് ചെയ്തത്. ടൈംസ് ഒഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ് എന്നീ പത്രങ്ങളിലും ഫ്രണ്ട് ലൈനിന്റെ കേരള റിപ്പോർട്ടറായും പ്രവർത്തിച്ചിരുന്നു. അഭയ കേസ്, ചേകന്നൂർ മൗലവിയുടെ തിരോധാനം തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'മൈ വോട്ട് കൗണ്ട്സ് ' എന്ന പേരിൽ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് പുസ്തകമെഴുതി. ബി.ആർ.പി.ഭാസ്കറും ഭാര്യയും രണ്ട് വർഷം മുമ്പ് തിരുവനന്തപുരത്തു നിന്ന് ചെന്നൈയിൽ മകളുടെയടുത്തേക്ക് താമസം മാറ്റിയിരുന്നു.