election-2019

ഹൂബ്ളി: നരേന്ദ്രമോദി ഒരിക്കൽക്കൂടി പ്രധാനമന്ത്രിയാകുമോ എന്നതിനേക്കാൾ കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ്. യദിയൂരപ്പ ഉറ്റുനോക്കുന്നത്, ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം തനിക്ക് നാലാമതൊരിക്കൽക്കൂടി മുഖ്യമന്ത്രി പദത്തിലേക്ക് വഴി തുറക്കുമോ എന്നാണ്.

തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന ജെ.ഡി.എസ്- കോൺഗ്രസ് സർക്കാരിന്റെ ഭാവികാര്യത്തിൽ ഈ തിരഞ്ഞെടുപ്പോടെ ഒരു തീരുമാനമാകും. ജെ.ഡി.എസ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോട് തീരെ മമതയുള്ളവരല്ല സഖ്യകക്ഷിയായ കോൺഗ്രസിന്റെ എം.എൽ.എമാരിൽ വലിയൊരു ഭാഗം. കോൺഗ്രസിന് അവിടെ 78 എം.എൽ.എമാരുണ്ട്. അതിൽ ഇരുപതു പേർ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വരുന്നതിനു പിന്നാലെ ബി.ജി.പിയിലേക്ക് കൂറു മാറുമെന്നാണ് യദിയൂരപ്പ പറയുന്നത്.

ബി.ജെ.പിയുടെ 104 അംഗങ്ങൾ ഉൾപ്പെടെ പ്രതിപക്ഷത്ത് 106 ആണ് അംഗബലം. യദിയൂരപ്പ പറയുന്നതു പോലെ 20 കോൺഗ്രസ് എം.എൽ.എമാർ മറുകണ്ടം ചാടിയാൽ ഭരണം ബി.ജെ.പി കൈയടക്കും. യദിയൂരപ്പ നാലാമതും മുഖ്യമന്ത്രിയാവുകയും ചെയ്യും. ഇന്നലെ ഹൂബ്ളിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം ഈ മനസ്സിലിരിപ്പ് വെളിപ്പെടുത്തുകയും ചെയ്‌തു.

അതേസമയം, കോൺഗ്രസ് എം.എൽ.എമാർ കൂറുമാറുമെന്ന യദിയൂരപ്പയുടെ പരാമർശം കർണാടക പി.സി.സി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും, പാർട്ടി നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയും പരിഹാസപൂർവം തള്ളി. മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണുംനട്ടിരിക്കുന്ന യദിയൂരപ്പ നേരത്തേ പറഞ്ഞത് അവർത്തിക്കുകയാണെന്നും, അധികഭ്രമമാണ് അദ്ദേഹത്തെ ഭരിക്കുന്നതെന്നും ദിനേഷ് ഗുണ്ടുറാവു പരിഹസിച്ചു.

"അസംതൃപ്‌തരായ എം.എൽ.എമാർ കോൺഗ്രസിൽ മാത്രമല്ല, എല്ലാ പാർട്ടികളിലുമുണ്ട്. ബി.ജെ.പിയിലുമുണ്ട് അങ്ങനെ പലരും. പക്ഷേ, അവരെ പ്രലോഭിപ്പിച്ച് ചാക്കിട്ടുപിടിക്കാനൊന്നും കോൺഗ്രസ് തയ്യാറല്ല." സിദ്ധരാമയ്യ പറഞ്ഞു.