ഭോപ്പാൽ: അഴിമതി സംബന്ധിച്ച സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. താൻ കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നും ദിവസം മൂന്ന് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രി രാജ്യത്തെ അഴിമതി, നോട്ടുനിരോധനം, ജി.എസ്.ടി, കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തന്നോടു സംവാദിക്കൂ എന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി. മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പരിപാടികൾക്കിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ സംസാരിച്ചത്.
സ്നേഹം കൊണ്ട് നിറഞ്ഞ രാജ്യമായിരുന്നു ഇത്. എന്നാൽ രാജ്യത്ത് അദ്ദേഹം വെറുപ്പ് നിറച്ചു. പൊതുപരിപാടികൾക്കിടെ അദ്ദേഹത്തെ കാണുമ്പോൾ വളരെ സ്നേഹത്തോടെയാണ് ഞാൻ പെരുമാറാറുള്ളത്. എന്നാൽ അദ്ദേഹം മറുപടി നൽകാറില്ല. വളരെ ബഹുമാനത്തോടെ സംസാരിക്കുമ്പോഴും അദ്ദേഹം ഒന്നും പറയാറില്ല. മോദിക്ക് തന്നോട് വ്യക്തിപരമായ വെറുപ്പാണ്- രാഹുൽ പറഞ്ഞു.
നരേന്ദ്രമോദിയെ ആർക്കും തോൽപ്പിക്കാനാകില്ലെന്നാണ് അഞ്ചുവർഷം മുമ്പ് ചിലർ പറഞ്ഞിരുന്നത്. പക്ഷേ, ഞങ്ങൾ പിൻവാങ്ങിയില്ല. പാർലമെന്റിലും പുറത്തും ഞങ്ങൾ പോരാട്ടം തുടർന്നു. നരേന്ദ്രമോദി വിജയിക്കുമെന്ന് ഇപ്പോൾ ആരും പറയുന്നില്ല. ആർ.എസ്.എസ് - ബി.ജെ.പി കൂട്ടുകെട്ടും പുരോഗമന ശക്തിയും തമ്മിലുള്ള ആശയപരമായ ഏറ്റുമുട്ടലാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. - രാഹുൽ കൂട്ടിച്ചേർത്തു. സിക്ക് കലാപത്തെ കുറിച്ചുള്ള സാം പിത്രോദയുടെ പരാമർശം തീർത്തും തെറ്റായിപ്പോയി. സിക്ക് കലാപത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.