ചന്ദ്രബാബു നായിഡു
ടി.ഡി.പി
ആന്ധ്ര മുഖ്യമന്ത്രി
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ മുന്നിൽ നിറുത്തി പുതിയ കരുനീക്കങ്ങൾ. കേന്ദ്രത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ ബംഗാൾ പെൺകടുവയായ മമത കിംഗ് മേക്കർ ആകുമെന്ന് ഇന്നലെ പടിഞ്ഞാറൻ മിഡ്നാപൂരിലെ യോഗത്തിൽ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഇത്തവണ കൂടുതൽ സീറ്റ് നേടി, നിർണായക വിലപേശൽ ശക്തിയാകും. മമതയ്‌ക്കു കീഴിൽ രാജ്യത്തിന് പുതിയ പ്രധാനമന്ത്രിയെ ലഭിക്കുമെന്നും നായിഡു. അണിയറയിലെ ചരടുവലിക്കാരന്റെ റോൾ ആയിരിക്കും ഇക്കുറി നായിഡുവിന്.
മമതാ ബാന|ജി
തൃണമൂൽ കോൺഗ്രസ്
ബംഗാൾ മുഖ്യമന്ത്രി
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബംഗാൾ മോഡൽ മഹാസഖ്യത്തെ ദേശീയ രാഷ്ട്രീയത്തിലേക്കു പകർത്താൻ പദ്ധതികളുമായി മമത. അതിന്റെ സാദ്ധ്യതാ ചർച്ചകളുമായി മമതയും ചന്ദ്രബാബു നായിഡുവും ഇന്നലെ രഹസ്യചർച്ച നടത്തി. മമത ശക്തയാണെന്നും, അവരുൾപ്പെടെ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്നായിരിക്കും പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുകയെന്നും നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രത്തിലെ അധികാരത്തിൽ താത്പര്യമില്ലെന്നും താൻ വെറും കോ- ഓർഡിനേറ്റർ മാത്രമായിരിക്കുമെന്നും നായിഡു വ്യക്തമാക്കിയ സ്ഥിതിക്ക് മമതയാണ് തുറുപ്പുചീട്ട്.
ചന്ദ്രശേഖർ റാവു
ടി.ആർ.എസ്
തെലുങ്കാന മുഖ്യമന്ത്രി
പ്രതിപക്ഷത്തെ നായിഡു വിരുദ്ധൻ. കേന്ദ്ര സർക്കാർ രൂപീകരണത്തിൽ വിലപേശൽ ശക്തിയാകാൻ നേരത്തെ കരുനീക്കം തുടങ്ങി. വൈ.എസ്.ആർ കോൺഗ്രസുമായി റാവുവിന്റെ ടി.ആർ.എസ് ഒരുമിക്കുമെന്നാണ് സൂചനകൾ. ഇരു കക്ഷികൾക്കുമായി മുപ്പത് ലോക്‌സഭാ സീറ്രെങ്കിലും കിട്ടിയാൽ വിലപേശാൻ കളമൊരുക്കം. ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായാൽ ചന്ദ്രശേഖർ റാവു മോദി പക്ഷത്തേക്ക് ചാഞ്ഞുകൂടായ്‌കയില്ല. കോൺഗ്രസിനാണ് മുൻതൂക്കമെങ്കിൽ
റാവു രാഹുൽപക്ഷത്താകും. ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം രാഹുലുമായി ചർച്ച നടത്തിയ സാഹചര്യത്തിൽ ടി.ആർ.എസ് ബി.ജെ.പി പാളയം പിടിക്കാൻ സാദ്ധ്യത അധികം.
ജഗൻമോഹൻ റെഡ്ഡി
വൈ.എസ്.ആർ കോൺഗ്രസ്
ആന്ധ്ര പ്രതിപക്ഷ നേതാവ്
മറ്റൊരു നായിഡു വിരുദ്ധൻ. നിലവിൽ കോൺഗ്രസുമായി അടുപ്പം. കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞാണ് വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ചതെങ്കിലും, ക്ഷമിക്കാൻ ഒരുക്കമെന്ന് ജഗൻ മോഹൻ റെഡ്ഡി. രാഹുലുമായി രഹസ്യ ചർച്ച തുടരുമ്പോഴും വലിയ ഒറ്റക്കക്ഷിയാകുന്നത് ബി.ജെ.പി ആണെങ്കിൽ ജഗൻ മോദി പക്ഷം പടിക്കുമെന്ന് ഉറപ്പ്. നായിഡുവും കോൺഗ്രസുമായുള്ള ചർച്ച ജഗനെയും നീരസത്തിലാക്കുന്നു. എന്നാൽ, പ്രധാനമന്ത്രിയാകാൻ താനില്ലെന്ന് നായിഡു പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് അല്‌പം മയപ്പെട്ടേക്കാം. നിലപാട് വ്യക്തമാവുക, ലോക്‌സഭാ ഫലം പുറത്തുവന്ന ശേഷം.