ന്യൂഡൽഹി: വ്യവസായ പ്രമുഖനും രാജ്യത്തെ ഏറ്റവും വലിയ എഫ്.എം.സി.ജി കമ്പനികളിലൊന്നുമായ ഐ.ടി.സിയുടെ നോൺ-എക്‌സിക്യൂട്ടീവ് ചെയർമാൻ വൈ.സി. ദേവേശ്വർ (72) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേവലം സിഗരറ്ര് ബ്രാൻഡായിരുന്ന ഐ.ടി.സിയെ എഫ്.എം.സി.ജി, ഐ.ടി, ഹോസ്‌പിറ്റാലിറ്റി, കാർഷികം തുടങ്ങിയ രംഗങ്ങളിലെയും വമ്പൻ സ്ഥാപനമാക്കി മാറ്റിയതിൽ മുഖ്യപങ്ക് വഹിച്ചത് ദേവേശ്വറാണ്.
ഐ.ഐ.ടി ഡൽഹി, ഹാർവാഡ് ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയ ദേവേശ്വർ 1968ലാണ് ഐ.ടി.സിയിലെത്തുന്നത്. 1996ൽ സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ചെയർമാനുമായി. 2017ൽ എക്‌സിക്യൂട്ടീവ് സ്ഥാനം ഉപേക്ഷിച്ച് നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി തുടരുകയായിരുന്നു. 1991-94 കാലയളവിൽ എയർ ഇന്ത്യയുടെ ചെയർമാൻ - മാനേജിംഗ് ഡയറക്‌ടർ സ്ഥാനങ്ങളും ദേവേശ്വർ വഹിച്ചിരുന്നു. 2012ൽ റിസർവ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡംഗമായും പ്രവർത്തിച്ചു. ദേവേശ്വറിന് ഭാര്യയും ഒരു മകളും മകനുമുണ്ട്.