ഐസിസ് വാർത്താ ഏജൻസിയുടെ വെളിപ്പെടുത്തൽ

പ്രവിശ്യ കാശ്‌മീരിൽ ആണെന്ന് റിപ്പോർട്ട്

ശ്രീനഗർ:ആഗോള ഭീകര സംഘടനയായ ഐസിസ് ഇന്ത്യയിൽ 'വിലയാ ഒഫ് ഹിന്ദ്' എന്ന പേരിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ഐസിസ് വാർത്താ ഏജൻസിയായ 'അമാഖ്'ആണ് ഇന്നലെ ഈ വിവരം പുറത്തു വിട്ടത്.

വിലയാ ഒഫ് ഹിന്ദ് എന്നാൽ ഹിന്ദ് പ്രവിശ്യ എന്നാണ് അർത്ഥം. കാശ്‌മീരിൽ ആണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്.

ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസ് ആദ്യമായാണ് അവകാശപ്പെടുന്നത്.

ഐസിസിന് ഇനിയും നിയന്ത്രണം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യയെ പോലൊരു രാജ്യത്ത് പ്രവിശ്യ സ്ഥാപിച്ചെന്ന് അവകാശപ്പെടുന്നത് അസംബന്ധമാണെങ്കിലും അത് പൂർണമായും എഴുതിത്തള്ളാനാവില്ല എന്നാണ് ഇസ്‌ലാമിക ഭീകരരെ നിരീക്ഷിക്കുന്ന അമേരിക്കൻ സ്ഥാപനമായ സൈറ്റ് ഇന്റൽ ഗ്രൂപ്പിന്റെ വിലയിരുത്തൽ.

ജമ്മുകാശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലെ അംശിപോറയിൽ വെള്ളിയാഴ്‌ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഐസിസ് ബന്ധമുള്ള ഒരു ഭീകരനെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. ഏറ്റുമുട്ടലിൽ ഇന്ത്യൻ സേനയ്‌ക്ക് ഐസിസ് നാശമുണ്ടാക്കിയെന്നും അമാഖിന്റെ പ്രസ്‌താവനയിൽ അവകാശപ്പെട്ടു.

ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഇഷ്‌ഫാഖ് അഹമ്മദ് സോഫി എന്ന ഭീകരനെ

വധിച്ചതായി പൊലീസും അറിയിച്ചിരുന്നു.

പത്ത് വർഷത്തിലേറെയായി കാശ്‌മീരിലെ വിവിധ ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സോഫി പിന്നീട് ഐസിസിലേക്ക് മാറുകയായിരുന്നു എന്ന് സൈനിക വ‌ൃത്തങ്ങൾ പറഞ്ഞു. ശ്രീനഗറിലെ ഐസിസ് അനുഭാവമുള്ള ഒരു മാഗസിന് സോഫി നൽകിയ ഇന്റർവ്യൂവിലും ഇയാളുടെ ഐസിസ് ബന്ധം വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ സേനയ്‌ക്ക് നേരെ നടന്ന നിരവധി ഗ്രനേഡ് ആക്രമണങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നു. കാശ്‌മീരിൽ അവശേഷിച്ച ഏക ഐസിസ് ഭീകരനായിരിക്കാം സോഫി എന്നും സൈനിക വ‌ൃത്തങ്ങൾ പറഞ്ഞു.

പുതിയ കാലിഫേറ്റ് ?

സിറിയയിലും ഇറാക്കിലും സ്വയം പ്രഖ്യാപിത കാലിഫേറ്റ് (പ്രവാചകന്റെ പ്രതിനിധിയായ കാലിഫ് ഭരണത്തലവനായ ഇസ്ലാമിക രാജ്യം) പോലെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശങ്ങൾ ഐസിസ് നിയന്ത്രിച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ സഖ്യസേന രണ്ടിടത്ത് നിന്നും ഐസിസിനെ പൂർണമായും തുരത്തി. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ നില ഭദ്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരിക്കണം ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചെന്ന പ്രഖ്യാപനം. ശ്രീലങ്കയിലെ ചാവേർ ആക്രമണം ഉൾപ്പെടെ അടുത്തിടെ ഐസിസ് ആക്രമണങ്ങൾ വർദ്ധിപ്പിച്ചിരിക്കയാണ്.

''ലോകം ഇത് കണ്ണ് തുറന്ന് കാണണം. ഐസിസ് കാലിഫേറ്റിന്റെ ഭൂപടം മാറ്റി വരയ്‌ക്കുന്നതിന്റെ തുടക്കമാവാം ഇത്.''

- റീത്ത കാറ്റ്സ്

ഡയറക്ടർ സൈറ്റ് ഇന്റൽ ഗ്രൂപ്