yc

കൊച്ചി: സിഗററ്ര് കമ്പനി എന്ന 'അപ്രിയ" ബ്രാൻഡായി ഒതുങ്ങുമായിരുന്ന ഐ.ടി.സിയെ, വൈവിദ്ധ്യവത്‌കരണത്തിലൂടെ ജനഹൃദയങ്ങളിലേക്ക് നയിച്ച ചെയർമാൻ എന്ന്, ഇന്നലെ അന്തരിച്ച വൈ.സി. ദേവേശ്വറിനെ വിശേഷിപ്പിക്കാം. സിഗററ്റിന് പുറമേ ഹോസ്‌പിറ്റാലിറ്റി, ഐ.ടി., ഫുഡ്, കാർഷികം തുടങ്ങിയ മേഖലകളിൽ ഐ.ടി.സിയെ മുൻനിര സ്ഥാനങ്ങളിൽ എത്തിച്ചശേഷമാണ് ദേവേശ്വർ ഓർമ്മകളുടെ ലോകത്തേക്ക് വിടചൊല്ലിയത്.

1947 ഫെബ്രുവരി നാലിന് ലാഹോറിലായിരുന്നു ദേവേശ്വറിന്റെ ജനനം. ഐ.ഐ.ടി ഡൽഹി, ഹാർവാഡ് ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം 1968ലാണ് ഐ.ടി.സിയിൽ എത്തുന്നത്. 1984ൽ ഡയറക്‌ടർ ബോ‌ർഡംഗമായി. 1996 ജനുവരി ഒന്നിന് സി.ഇ.ഒ ആൻഡ് ചെയർമാൻ സ്ഥാനം അദ്ദേഹത്തെ തേടിയെത്തി. 2017 ഫെബ്രുവരി നാലുവരെ തത്‌സ്ഥാനം വഹിച്ച അദ്ദേഹം, രണ്ടു പതിറ്റാണ്ടിലേറെക്കാലം ആ പദവികൾ വഹിച്ച അപൂർവം ഇന്ത്യൻ ബിസിനസ് പ്രതിഭകളിലൊരാളുമാണ്. 2017ൽ എക്‌സിക്യൂട്ടീവ് പദവിയൊഴിഞ്ഞ അദ്ദേഹം നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി തുടരുകയായിരുന്നു.

1991-94 കാലയളവിൽ എയർ ഇന്ത്യയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ പദവിയും ദേവേശ്വർ വഹിച്ചു. 2012ൽ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡംഗമായിരുന്നു. സി.ഐ.ഐയുടെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 2011ൽ കേന്ദ്രസർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. സി.ഐ.ഐയുടെ ഗ്ളോബൽ ലീഡർഷിപ്പ് പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

ചെയർമാൻ പദവിയിലേക്ക് ദേവേശ്വർ എത്തുമ്പോൾ ഐ.ടി.സിയുടെ വരുമാനം 5,200 കോടി രൂപയും നികുതിക്ക് മുമ്പുള്ള ലാഭം 452 കോടി രൂപയുമായിരുന്നു. വൈവിദ്ധ്യവത്കരണത്തിന് ചുക്കാൻ പിടിച്ച അദ്ദേഹത്തിന്റെ കാലയളവിൽ വരുമാനം പത്തുമടങ്ങിലേറെ വർദ്ധിച്ച് 67,000 കോടി രൂപയായി. ലാഭം 33 മടങ്ങുയർന്ന് 14,958 കോടി രൂപയിലുമെത്തി. കിംഗ്‌സ്, ക്ളാസിക് തുടങ്ങിയ സിഗററ്ര് ബ്രാൻഡുകളിൽ ഒതുങ്ങിയിരുന്ന ഐ.ടി.സിയെ സൺഫീസ്‌റ്ര് (ബിസ്‌കറ്ര്), ബിൻഗോ (സ്‌നാക്‌സ്), ആശീർവാദ് (സ്‌റ്രാപ്പിൾസ് ആൻഡ് റെ‌ഡി മീൽസ്), ഐ.ടി.സി ഇൻഫോടെക് (ഐ.ടി), ഐ.ടി.സി ലക്ഷ്വറി ഹോട്ടൽസ്, കാർഷികം, പേപ്പർ ബിസിനസ്, ബ്രാൻഡഡ് അപ്പാരൽ, ലൈഫ്‌സ്‌റ്രൈൽ ഉത്‌പന്നങ്ങൾ, അഗർബത്തികൾ തുടങ്ങിയ ബ്രാൻഡുകളിലേക്കും നയിച്ചാണ് ദേവേശ്വർ രാജ്യത്തെ ഏറ്രവും വലിയ കമ്പനികളൊന്നാക്കി വളർത്തിയത്.

ഐ.ടി.സിയുടെ മുഖ്യ ഓഹരി പങ്കാളികളിൽ നിന്ന് വൈവിദ്ധ്യവത്‌കരണത്തിന് എതിരെ ഉയർന്ന വെല്ലുവിളികളെ സധൈര്യം ചെറുത്തു നിന്നായിരുന്നു അദ്ദേഹത്തെ മുന്നേറ്റം. 2030നകം കമ്പനിയുടെ ബിസിനസ് മൂല്യം ഒരുലക്ഷം കോടി രൂപയിലേക്ക് ഉയർത്തുകയെന്ന സ്വപ്‌നം തന്റെ പിൻഗാമികളെ ഏല്‌പ്പിച്ചാണ് അദ്ദേഹം വിടചൊല്ലുന്നത്.

പ്രമുഖർ അനുശോചിച്ചു

വൈ.സി. ദേവേശ്വറിന്റെ നിര്യാണത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സി.ഐ.ഐ പ്രസിഡന്റ് വിക്രം കിർലോസ്‌കർ തുടങ്ങിയവർ അനുശോചിച്ചു. ഇന്ത്യൻ ബിസിനസ് രംഗത്തെ അതികായനായിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും വീക്ഷണങ്ങളും ഏവർക്കും പ്രചോദനമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.